ബിടെക് കഴിഞ്ഞ് ഐടി കന്പനി സ്ഥാപി ച്ചു നല്ല വരുമാനമുണ്ടാക്കിത്തുടങ്ങിയെങ്കിലും മണ്ണിനോടും കൃഷിയോടുമുള്ള ആഭിമുഖ്യം അജിത്ത് കൈവിട്ടില്ല.
കോട്ടയം ജില്ലയിൽ പാലാ വെള്ളിയേപ്പള്ളി കൊഴിഞ്ഞൂർത്താഴെ എസ്. അജിത്തിനു ചെറുപ്പം മുതലേ കൃഷി ഏറെ പ്രിയപ്പെട്ടതായിരുന്നു.
സ്വന്തം ഐടി കന്പനിയുമായി എറണാകുളത്തു കഴിയേണ്ടി വന്ന അജിത്തിന്റെ ജീവിതം മാറ്റി മറിച്ചത് കോവിഡ് കാലമാണ്. ജോലി വർക്ക് ഫ്രം ഹോം ആക്കിയതോടെ കൃഷിയിടത്തിലേക്കിറങ്ങാൻ കൂടുതൽ സമയം കിട്ടി.
അങ്ങനെ അജിത്ത് മീനച്ചിലാറിന്റെ തീരത്തുള്ള സ്വന്തം മണ്ണിലേക്കിറങ്ങി. അവിടെയുണ്ടായിരുന്ന റബർ വെട്ടിമാറ്റുകയാണ് ആദ്യം ചെയ്തത്.
പിന്നെ പച്ചക്കറിക്കൃഷിക്കു വിത്തിട്ടു. സഹായ ഹസ്തം നീട്ടി മുത്തോലി കൃഷിഭവനും ഒപ്പം നിന്നു. ഫോണും ടാബും ഉപയോഗിക്കുന്ന കൈകളിൽ തൂന്പയും മണ്വെട്ടിയും നന്നായി ഇണങ്ങി.
വെണ്ടയും, വെള്ളരിയും പയറും പാവലും ചീരയും തണ്ണിമത്തനുമൊക്കെ അവിടെ നൂറുമേനി വിളഞ്ഞു.
എപ്പോഴുമുണ്ട് വെണ്ടയും പയറും പാവലും; സീസണിൽ മാത്രം വെള്ളരി
പയറും പാവലും വെണ്ടയുമെല്ലാം അജിത്തിന്റെ അവനി അഗ്രോഫാമിലെ നിത്യവിളകളാണ്. 50 സെന്റ് സ്ഥലത്ത് 1500 വെണ്ടയുണ്ട്. സമ്രാട്ട് ഇനം. 5000 കിലോ വിളവെടുത്തു.
വിത്തുകൾ അര മണിക്കൂർ സ്യൂഡോമൊണാസിൽ മുക്കിവച്ചശേഷം തടത്തിൽ നേരിട്ടു നടുന്നതാണു രീതി. വിത്തിട്ട് 45-ാം ദിവസം മുതൽ വിളവെടുക്കും. വില്പന വീടിനോടു ചേർന്നുള്ള ഔട്ട്ലെറ്റിലൂടെ.
വില കൂടിയാലും കുറഞ്ഞാലും അജിത്തിന്റെ വെണ്ടയ്ക്കയ്ക്ക് കിലോയ്ക്ക് 60 രൂപ കൊടുക്കണം. കഴിഞ്ഞ തവണ 75,000 രൂപ ലഭിച്ചു.
വിഷുവിനോട് അനുബന്ധിച്ചു വിളവെടുക്കത്തക്ക വിധത്തിലാണു വെള്ളരി കൃഷി ചെയ്തത്. കൃത്യതാ രീതിയിലാണ് കൃഷി.
സൗഭാഗ്യ ഇനത്തിൽപ്പെട്ട 5000 തൈകൾ ഒരേക്കറിൽ നട്ടു. 3000 കിലോയോളം വിളവെടുത്തു കഴിഞ്ഞു. ഏക്കറിന് രണ്ടു ലക്ഷം രൂപയാണ് പ്രതീക്ഷ.
പരീക്ഷണമായി തണ്ണിമത്തൻ
പാലായിലും തണ്ണിമത്തനോ… ആദ്യം എല്ലാവർക്കും അതിശയമായിരുന്നു. എന്നാൽ, പച്ചക്കറിക്കൊപ്പം നട്ട തണ്ണിമത്തനിലും അജിത് നൂറുമേനി കൊയ്തു.
50 സെന്റിൽ 1500 തൈകൾ നട്ടു. 8000 കിലോ കിട്ടി. വിത്തിട്ട് രണ്ടു മാസം കഴിഞ്ഞപ്പോൾ മുതൽ വിളവെടുപ്പ് ആരംഭിച്ചു. ആവശ്യ ക്കാർക്ക് നേരിട്ടാണ് വിറ്റത്.
ഫാമിന്റെ പേരിലുള്ള വാട്സാപ് ഗ്രൂപ്പിൽ പരസ്യം നൽകുന്നതനുസരിച്ച് ആവശ്യക്കാർ നേരിട്ടെത്തി വാങ്ങും. ആളുകൾക്ക് സാംപിൾ നൽകി രുചി ബോധ്യപ്പെടുത്തിയാണ് വില്പന.
പറിച്ചെടുത്ത് ഉടൻ ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതുകൊണ്ടു രുചിക്ക് ഒട്ടും കുറവ് വരുന്നില്ല. കിലോ 40 രൂപയ്ക്കായിരുന്നു വില്പന. ഇതിലൂടെ മൂന്നു ലക്ഷം രൂപയോളം ലഭിച്ചു.
കൃത്യതാ കൃഷി
വർഷകാലത്ത് മീനച്ചിലാറ്റിൽ നിന്നു വെള്ളം കയറുന്ന പ്രദേശമായിരുന്നു അജിത്തിന്റെ തോട്ടം. റബർ പൂർണ മായും ഒഴിവാക്കി മണ്ണുമാന്തി ഉപയോഗിച്ചു നിലം കിളച്ചൊരുക്കിയായിരുന്നു കൃഷി.
നീളത്തിൽ തടമെടുത്ത് നനയ്ക്കുവേണ്ടി പൈപ്പ് ലൈനിട്ടു. മൾച്ചിംഗ് ഷീറ്റ് വിരിച്ചാണ് തൈകൾ നട്ടത്. ഓപ്പണ് പ്രിസിഷൻ അഥവാ കൃത്യതാ കൃഷി രീതി ആയതുകൊണ്ടു വെള്ള ത്തിലൂടെ തന്നെ വളവും ചെടിയുടെ ചുവട്ടിലെത്തും.
മൾച്ചിംഗ് ഷീറ്റിട്ടതിനാൽ കളശല്യവും കുറഞ്ഞു. ഓരോ വിളവെടുപ്പു കഴിയുന്പോഴും മൾച്ചിംഗ് ഷീറ്റ് മാറ്റി മണ്ണിളക്കി വീണ്ടും തടമെടുക്കും. ചാണകവും വേപ്പിൻ പിണ്ണാക്കും അടിവളവമായി നൽകും.
ഗോമൂത്രവും നേർപ്പിച്ച് വളമായി നൽകുന്നുണ്ട്. അത്യുത്പാദന ശേഷിയുള്ള വിത്തുകൾ ഓണ്ലൈനിലൂടെയാണു ശേഖരിക്കുന്നത്.
തീറ്റപ്പുല്ലും സ്ട്രോബെറിയും
വാഗമണിൽ സുഹൃത്തിനൊപ്പം സ്ട്രോബെറിയും അജിത് കൃഷി ചെയ്യുന്നുണ്ട്. ലാവൻഡർ റിസോട്ടിൽ ഫാം ടൂറിസം മുന്നിൽക്കണ്ടു ചെയ്യുന്ന കൃഷി വിജയമായി.
സന്ദർശകർക്ക് നേരിട്ട് വിളവെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതിനാൽ പഴങ്ങൾ വേഗത്തിൽ വിറ്റഴിക്കപ്പെടുന്നു. ദിവസേന അഞ്ചു കിലോയോളം വിളവെടുക്കും.
തൃശൂരിൽ വാണിജ്യാടിസ്ഥാനത്തിൽ തീറ്റപ്പുല്ലും കൃഷി ചെയ്യുന്നുണ്ട്. ആത്മാർഥതയും താത്പര്യവും ഉണ്ടെങ്കിൽ ഏതു കൃഷിയും വിജയിപ്പിക്കാമെന്ന് അജിത് ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, വിപണനത്തെക്കുറിച്ചാവണം ആദ്യം ചിന്തിക്കേണ്ടത്. അതിനുശേഷമേ കൃഷിയെക്കുറിച്ചും വിളവിനെക്കുറിച്ചും പരിപാലനത്തെ ക്കുറിച്ചുമൊക്കെ ആലോചിക്കാവൂ.
ഭാര്യ രോഹിണിയും മകൻ അഭിമന്യുവും കൃഷിയിടത്തിൽ അജിത്തിനൊപ്പമുണ്ട്.
ഫോണ് : 8075421708
ജിബിൻ കുര്യൻ