തിരുവനന്തപുരം: സൈക്കിളിംഗിൽ ലോക റിക്കാർഡ് പ്രതീക്ഷയുമായി 15 വയസുകാരൻ പാലക്കാട് നിന്ന് സൈക്കിളിൽ തിരുവനന്തപുരത്തെത്തി.
തിങ്കളാഴ്ച രാവിലെ പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച യാത്ര 18 മണിക്കൂറും 33 മിനിറ്റും കൊണ്ട് 300 കിലോമീറ്റർ സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് എത്തിയത്.
24 മണിക്കൂർ കൊണ്ട് 300 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് ലോക റിക്കാർഡും ഏഷ്യൻ ബുക്ക്സ് ഓഫ് റിക്കാർഡും സ്വന്തമാക്കുകയാണ് പതിനഞ്ചു വയസുകാരൻ അജിത് കൃഷ്ണന്റെ ലക്ഷ്യം.
2019ൽ പാലക്കാട്ടുനിന്നു കാഷ്മീരിലേക്ക് 25 ദിവസം കൊണ്ട് 4205.32 കിലോമീറ്റർ ദൂരം സൈക്കിളിൽ സഞ്ചരിച്ച് വേൾഡ് റിക്കാർഡ്, ഇന്ത്യൻ റിക്കാർഡ്, ഏഷ്യൻ ബുക്ക്സ് ഓഫ് റിക്കാർഡ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.
റിക്കാർഡ് സ്വന്തമാക്കുന്നതിനു പുറമേ ആരോഗ്യസംരക്ഷണം, മലിനീകരണ നിയന്ത്രണം തുടങ്ങിയ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതും ലക്ഷ്യമാണ്. എട്ടാം ക്ലാസിൽ പഠിക്കുന്പോൾ ബംഗളൂരുവിലേക്കാണ് ആദ്യമായി സൈക്കിൾ യാത്ര നടത്തിയത്.
പരിശീലന ഭാഗമായി ദിവസവും 30-40 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിക്കാറുണ്ട്. ചെറിയ യാത്രകൾക്കു പോലും ആളുകൾ ബൈക്കും കാറും ഉപയോഗിക്കുന്ന മനോഭാവത്തിൽ മാറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് താൻ സൈക്കിൾ യാത്ര തെരഞ്ഞെടുത്തതെന്ന് അജിത് പറയുന്നു.
കോയന്പത്തൂർ ശ്രീരാമകൃഷ്ണ മെട്രിക് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ആർ.പി.അജിത് കൃഷ്ണൻ. പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളി സ്വദേശിയാണ്. അച്ഛൻ പ്രണേഷ് രാജേന്ദ്രൻ, അമ്മ: അർച്ചനാ ഗീത, അജയ്കൃഷ്ണനാണു സഹോദരൻ.