രാഷ്ട്രിയത്തിലേക്കില്ലെന്ന് വ്യക്തമാക്കി നടൻ അജിത്ത്. അജിത്തിന്റെ ആരാധകരിൽ കുറച്ചു പേർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചുവെന്ന് കുറച്ചു നാളുകളായി പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് തന്റെ നിലപാട് വ്യക്തമാക്കി അജിത്ത് രംഗത്തെത്തിയത്.
“തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താൻ ക്യൂ നിൽക്കുന്നത് മാത്രമാണ് രാഷ്ട്രിയത്തിലെ എന്റെ പങ്ക്. എന്റെ ആരാധകരോട് എന്തെങ്കിലും പാർട്ടിയെ പിന്തുണയ്ക്കണമെന്നോ വോട്ട് ചെയ്യണമെന്നോ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഇനി അങ്ങനെ ചെയ്യുകയുമില്ല. രാഷ്ട്രിയത്തിലുള്ള എന്റെ കാഴ്ച്ചപ്പാട് ആരുടെ മേലും അടിച്ചേൽപ്പിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മാത്രമല്ല മറ്റുള്ളവരുടെ കാഴ്ച്ചപ്പാട് എന്റെ മേൽ അടിച്ചേൽപ്പിക്കുവാൻ ഞാൻ അനുവദിക്കുകയുമില്ല’.
“സിനിമ ഇൻഡസ്ട്രിയിലെ അഭിനേതാവ് എന്നതാണ് എന്റെ ജോലി. അതുകൊണ്ടാണ് വർഷങ്ങൾക്ക് മുൻപ് തന്നെ ആരാധക സംഘടനകൾ വേണ്ടെന്ന് വച്ചത്. രാഷ്ട്രീയ ബന്ധങ്ങളിൽ നിന്നും എന്നേയും ആരാധക സംഘടനകളെയും അകറ്റി നിർത്തുകയായിരുന്നു.
എന്നിട്ടും ചില രാഷ്ട്രീയ പാർട്ടികളുമായി ചേർത്ത് എന്റെയും ആരാധകരുടേയും പേരുകൾ വരുന്നുണ്ട്. തെരരഞ്ഞെടുപ്പ് വരുമ്പോൾ ഇത്തരം വാർത്തകൾ എനിക്ക് രാഷ്ട്രീയ താൽപര്യമുണ്ടെന്ന തോന്നലുകൾ ഉണ്ടാക്കും’. അജിത്ത് വ്യക്തമാക്കി.