സ്വന്തം ലേഖകൻ
തൃശൂർ: സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പേട്ടയും തല അജിത്തിന്റെ വിശ്വാസവും ആരാധകരെ ആഘോഷത്തിമർപ്പിലാഴ്ത്തി തീയറ്ററുകളിലെത്തി. രജനീകാന്ത് ഫാൻസ് അസോസിയേഷനുവേണ്ടിയുള്ള പേട്ടയുടെ ആദ്യ ഷോ തൃശൂർ സപ്ന തീയറ്ററിൽ പുലർച്ചെ നാലിന് നടന്നു. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പേട്ട രജനി ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്നതാണെന്നാണ് ആദ്യ റിപ്പോർട്ട്.
അമാനുഷിക കഥാപാത്രങ്ങളിൽ നിന്നുള്ള രജനിയുടെ തിരിച്ചുവരവ് പേട്ടയിൽ കാണാമെന്നാണ് ആരാധകർ പറയുന്നത്. കാളി എന്ന പേരുള്ള ഹോസ്റ്റൽ വാർഡനായി ഹ്യൂമറും റൊമാൻസും ആക്ഷനുമെല്ലാമായി പ്രേക്ഷകർ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രകടനമാണത്രെ രജനി കാഴ്ചവെച്ചിരിക്കുന്നത്.
അജിത്തിന്റെ ആവേശം കുടുംബപ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വ്യത്യസ്തമായ ഗെറ്റപ്പിൽ അജിത് എത്തുന്ന ആവേശത്തിൽ നയൻതാരയാണ് നായിക. തൃശൂരിൽ ആദ്യദിനത്തിൽ ഇരുചിത്രങ്ങൾക്കും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തീയറ്ററുകൾ കൊടിതോരണങ്ങൾ കൊണ്ടും താരങ്ങളുടെ ഫ്ളെക്സുകൾ ഉയർത്തിയും കമനീയമായി അലങ്കരിച്ചിട്ടുണ്ട്.