സെല്‍ഫി എടുക്കുന്നതും സെല്‍ഫിയ്ക്കായി പോസ് ചെയ്യുന്നതും സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ അടുത്തകാലത്തായി മലയാള സിനിമാ ലോകത്ത് നടക്കുന്നുണ്ട്. ഗായകന് യേശുദാസ് അടുത്തിടെ സെല്‍ഫിയെടുക്കാനായി തന്നെ സമീപിച്ച ഒരു ആരാധകനെ ശകാരിച്ചതും വാര്‍ത്തയായിരുന്നു. ആരാധകരുടെ സെല്‍ഫി ഭ്രാന്ത് സെലിബ്രിറ്റികള്‍ക്ക് ചെറിയ ബുദ്ധിമുട്ടൊന്നുമല്ല ഉണ്ടാക്കുന്നതും. അത് പക്ഷേ പലരും മനസിലാക്കാറില്ല.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി സെല്‍ഫിയുടെ കാര്യത്തില്‍ ഒട്ടും സെല്ഫിഷല്ലാത്ത ഒരു നടന്റെ സ്വഭാവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒന്നല്ല, പത്തല്ല, നൂറ് സെല്‍ഫികള്‍ ഒന്നിച്ചെടുക്കേണ്ടി വന്നാലും ക്ഷമനശിക്കാത്ത ഒരാള്‍. തമിഴകത്തിന്റെ സ്വന്തം ‘തല’ അജിത്താണ് ആ വിലയ ക്ഷമാശീലത്തിനുടമ. സംഗീത സംവിധായകന് തമന് പങ്കുവച്ച പുതിയ വിശേഷമാണ് അജിത്തിന്റെ ക്ഷമയും ലാളിത്യവും വിളിച്ചോതുന്നത്.
ഒരു ദിവസം അജിത് പോസ് ചെയ്യുന്നത് ഏതാണ്ട് 100 മുതല്‍ 200 വരെ ആരാധകര്ക്കൊപ്പമാണെന്ന് തമന് സാക്ഷ്യപ്പെടുത്തുന്നു. അജിതിനൊപ്പം ഒരു വിമാനയാത്ര നടത്തിയ അനുഭവമാണ് ഇതിന് തെളിവായി തമന് ചൂണ്ടിക്കാട്ടിയത്. പുതിയ ചിത്രമായ വിശ്വാസത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു താരം. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്ന തമനും അജിതിനൊപ്പം കൂടി.
യാത്രക്കാര്‍ മുതല്‍ വിമാനത്തിന്റെ ക്യാപ്റ്റനു വരെ 100 മുതല്‍ 200 വരെ സെല്‍ഫികള്‍ക്കാണ് അജിത് ആ ചെറിയ യാത്രയില്‍ നിന്ന് കൊടുത്തതെന്ന് തമന് പറയുന്നു. എന്തായാലും സെല്‍ഫിയുടെ പേരില്‍ ആരാധകരെ ചാടിക്കടിക്കുന്ന സെലിബ്രിറ്റികള്‍ കണ്ടു പഠിക്കണം തലയെ എന്നാണ് ആരാധകര്‍ പറയുന്നത്.