മുംബൈ: ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പരിശീലകനായി സേവനമനുഷ്ഠിച്ച ഇന്ത്യക്കാരനാണ് കഴിഞ്ഞ ദിവസം അന്തരിച്ച അജിത് വഡേക്കര്‍. 1991-1992, 1995-1996 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. 1996 ലോകകപ്പ് സെമിയില്‍ ശ്രീലങ്കയോടേറ്റ തോല്‍വിയോടെ പരിശീലകസ്ഥാനം ഒഴിഞ്ഞു. 1998-1999 ല്‍ സെലക്്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള പ്രമുഖര്‍ അജിത് വഡേക്കറുടെ നിര്യാണത്തില്‍ അനുശോചിച്ചു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ക്യാപ്റ്റനുമായിരുന്ന അജിത് വഡേക്കര്‍ (77) ബുധനാഴ്ചയാണ് അന്തരിച്ചത്. മുംബൈയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
അര്‍ജുന അവാര്‍ഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്രസംഭാവനയ്ക്കുള്ള സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 1966-ല്‍ മുംബൈയില്‍ വിന്‍ഡീനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു അരങ്ങേറ്റം.
37 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 14 അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയുമടക്കം 2113 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു ഏകദിന മത്സരങ്ങള്‍ മാത്രമേ അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളൂ.നായകനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച സംഭാവനകള്‍ നല്കിയ താരമാണ് വഡേക്കര്‍. രേഖയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
1971-ലെ ഇംഗ്ലണ്ടും വിന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരകളിലെ പ്രകടനമാണ് അജിത് വഡേക്കര്‍ എന്ന ഇടങ്കൈയന്‍ ബാറ്റ്സ്മാനെ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരമാക്കിയത്. 1971-ല്‍ വഡേക്കറുടെ നേതൃത്വത്തില്‍ വിന്‍ഡീസിനെതിരേ നേടിയ പരമ്പര വിജയം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഒരേടാണ്. 1972-1973 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരായ തുടര്‍ച്ചയായ മൂന്ന് പരമ്പരകളില്‍ വിജയം നേടിയും റിക്കാര്‍ഡിട്ടു.
അനുശോചിച്ച് കുംബ്ലെയും അസ്ഹറും
ബുധനാഴ്ച അന്തരിച്ച മുന്‍ ഇന്ത്യന്‍ ടീം നായകനും പരിശീലകനുമായിരുന്ന അജിത് വഡേക്കറെ അനുസ്മരിച്ച് അനില്‍ കുംബ്ലെയും മുഹമ്മദ് അസ്ഹറുദ്ദീനും.
തങ്ങളുടെ കരിയര്‍ തിരികെ കിട്ടാന്‍ കാരണം അജിത്ത് വഡേക്കറായിരുന്നുവെന്ന് ഇരുവരും ട്വിറ്ററില്‍ കുറിച്ചു. പിതൃതുല്യനായ ഒരാളെയാണ് നഷ്ടമായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച മുംബൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അജിത്ത് വഡേക്കറുടെ (77) അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ പരമ്പരകള്‍ തോറ്റ് നായകനെന്ന നിലയില്‍ പ്രയാസപ്പെട്ടിരുന്ന അസ്ഹറുദ്ദീന് രണ്ടാമത് ഒരു അവസരം ലഭിക്കുന്നത് 1993-1996 ല്‍ അജിത് വഡേക്കര്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന സമയത്തായിരുന്നു. മാതൃകയാക്കാവുന്ന ഒരു വ്യക്തത്വമായിരുന്നുവെന്നും അദ്ദേഹം തനിക്കു പിതൃതുല്യനായിരുന്നുവെന്നും അസ്ഹറുദ്ദീന് ട്വിറ്ററില്‍ കുറിച്ചു.
മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയും അജിത്ത് വഡേക്കറെ അനുസ്മരിച്ചു. ടീമിലെല്ലാര്ക്കും ഒരു പരിശീലകനേക്കാള്‍ മുകളിലായിരുന്നു അദ്ദേഹമെന്ന് കുംബ്ലെ ട്വിറ്ററില്‍ കുറിച്ചു. പിതൃതുല്യനായിരുന്ന അദ്ദേഹം കളിക്കളത്തിലെ തന്ത്രശാലികൂടിയായിരുന്നെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.
1990-ല്‍ ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെ ടീമില്‍ നിന്ന് പുറത്തായ കുംബ്ലെയ്ക്ക് വീണ്ടും ടീമില്‍ അവസരം കൊടുത്തത് 1992-1993 കാലഘട്ടത്തില്‍ അജിത്ത് വഡേക്കര്‍ പരിശീലകസ്ഥാനത്തെത്തിയപ്പോഴായിരുന്നു. എന്നാല്‍ അതിനു ശേഷം 2008-ല്‍ വിരമിക്കുന്നതുവരെ തുടര്‍ച്ചയായ 16 വര്‍ഷം ഒരിക്കല്‍പോലും പിന്നീട് അദ്ദേഹത്തിന് ടീമിന് പുറത്തുപോകേണ്ടി വന്നിട്ടില്ല.
പരിശീലകനെന്ന നിലയില്‍ കണിശക്കാരനായ വ്യക്തിത്വമായിരുന്നു അജിത്ത് വഡേക്കറുടേതെന്ന് മുന്‍ താരം സഞ്ജയ് മഞ്ജരേക്കറും പറഞ്ഞു. അജിത് വഡേക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടാക്കിയ സ്വാധീനം വളരെ വലുതായിരുന്നെന്ന് ബിഷന്‍ സിംഗ് ബേദിയും വ്യക്തമാക്കി. ഏറെ ആരാധകരുണ്ടായിരുന്ന താരമായിരുന്നു വഡേക്കറെന്നും ബേദി കൂട്ടിച്ചേര്‍ത്തു.