ആലപ്പുഴ: സാമ്പത്തിക ബാധ്യതയെ തുടർന്ന് ദമ്പതികൾ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പാതിരപ്പള്ളി പാട്ടുകുളം വടക്കത്തു വീട്ടിൽ പപ്പന്റെ മകൻ രജികുമാർ(47), ഇയാളുടെ ഭാര്യ അജിതകുമാരി(44) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പാതിരപ്പള്ളിയിലെ വർക്ഷോപ്പിലെ ജീവനക്കാരനായിരുന്നു രജികുമാർ. കോവിഡിനെ തുടർന്ന് തൊഴിൽ നഷ്ടമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. പലരിൽ നിന്ന് പണം കടം വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ പത്തിനു രജികുമാർ സൈക്കിളിൽ പോയതായി അയൽവാസികൾ കണ്ടിരുന്നു.
എന്നാൽ വൈകുന്നേരം സമീപ വീട്ടിലെ മാതാവിന്റെ രൂപം വണങ്ങുവാൻ സാധാരണ എത്താറുള്ള അജിതയെ കാണാത്തതിനാൽ അയൽവീട്ടുകാർ അന്വേഷിച്ച് ചെന്നെങ്കിലും വാതിൽ അടഞ്ഞ നിലയിലായിരുന്നു.
ജനലിലൂടെ നോക്കിയപ്പോൾ രജികുമാർ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
തുടർന്ന് വാതിൽ പൊളിച്ച് അകത്തു കടന്നെങ്കിലും അടുത്ത മുറിയിൽ അജിതയെയും ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടു.
പ്രദേശവാസികൾ വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ മണ്ണഞ്ചേരി പോലീസ് ഇരുവരുടെ മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യകുറുപ്പ് ഒന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.