അവണൂർ: പഠിക്കാൻ മനസുണ്ട്… കഴിവും… പക്ഷേ, അവണൂർ വരടിയം കവളപ്പാറ കോളനിയിലെ നിർധന കുടുംബത്തിലെ 22കാരിയായ അജിതയ്ക്കു തടസമായുള്ള തന്റെ കാലിന്റെ വൈകല്യമാണ്.
കോവിഡിന്റെ അടച്ചിടിലിനുശേഷം സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചെങ്കിലും പേരമംഗലം ദുർഗവിലാസം സ്കൂളിലെ പ്ലസടു വിദ്യാർഥിനിയായ അജിതയക്കു സ്കൂളിലെത്താൻ മുന്നിൽ കടന്പകളേറെയാണ്.
ഒന്നെങ്കിൽ കൂലിപ്പണിക്കാരനായ അച്ചൻ കാശു സൈക്കിളിലോ സ്കൂട്ടറിലോ സ്കൂളിലെത്തിക്കണം. അല്ലെങ്കിൽ അമ്മയോ ജേഷ്ഠ സഹോദരമാരോ ചുമലിലേറ്റി സ്കൂളിൽ കൊണ്ടുപോകണം.
സ്കൂളിൽ കൊണ്ടുപോയി തിരികെ കൊണ്ടുവരുന്ന ജോലി അച്ഛൻ ഏറ്റെടുത്താൽ കുടുംബം പട്ടിണിയാകും. കോവിഡിന് മുന്‍പ് കാശുവാണ് അജിതയെ സ്കൂളിൽ കൊണ്ടുപോയിരുന്നത്.
ആറാം വയസിൽ പനി വന്നതിനെ തുടർന്നു അരയക്കു താഴെ ചലന ശേഷിനഷ്ടപ്പെട്ട അജതയ്ക്കു പഠിക്കാനുള്ള അതിയായ ആഗ്രഹം മനസിലാക്കി എന്തു ബുദ്ധിമുട്ട് സഹിച്ചാലും മകളെ പഠിപ്പിക്കണമെന്നു മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു.
ഒന്നുമുതൽ ഏഴാം ക്ലാസ് വരെ വരടിയം സ്കൂളിലും 10 വരെ അവണൂർ ശാന്ത സ്കൂളിലും ആയിരുന്നു പഠനക്കാലം. പ്ലസ്ടുവിനു പേരാമംഗലം ദുർഗവിലാസത്തിലും ചേർന്നു.
ഇതിനിടെ ചികിത്സയ്ക്കും മറ്റുമായി വർഷങ്ങളോളം പഠനം മുടങ്ങി. ചികിത്സയ്ക്കു ഫലം കാണാതായതോടെ പഠനം തുടർന്നു. കോവിഡ് കാലത്ത് സ്കൂൾ അടച്ചിരുന്നതിനാൽ ഓണ്‍ലൈനിലായിരുന്നു ഒന്നരവർഷമായി പഠനം.
വർഷങ്ങൾക്കു മുന്‍പ് ഇവരുടെ വീട് ആന തകർത്തിരുന്നു. അന്നു വീടു പുനഃനിർമിച്ചു നൽകമെന്നു പറഞ്ഞെങ്കിലും അധിക്യതർ വാക്കു പാലിച്ചില്ല. പ്രളയക്കാലത്ത് വീടു പൂർണമായി തകർന്നു.
പിന്നീട് ചെറിയ ഷെഡ് കെട്ടി അതിലാണു മൂന്നു പെണ്‍കുട്ടികളുമായി കുടുംബം കഴിഞ്ഞിരുന്നത്.
കോവിഡിനു മുന്‍പ് അജിതയുടെ പഠനത്തിനായി പട്ടിക ജാതി വികസന വകുപ്പിൽ നിന്നു പഠന മുറിയ്ക്കു വേണ്ടി ഒന്നരലക്ഷം രൂപ അനുവദിച്ചു.
ആ പണം ഉപയോഗിച്ചാണ് ഇപ്പോൾ പുതിയ വീടു നിർമിക്കുന്നത്. ഭൂമി പണയംവച്ചു കിട്ടിയ തുകകൂടി ചേർത്താണു നിർമാണം നടക്കുന്നത്.