കായംകുളം: യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ് ക്കാനുള്ള തുക സലിംകുമാർ നൽകുമെന്ന് വാഗ്ദാനം ചെയ്തതായി ഹൈബി ഈഡൻ എംപി.
ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഈഡൻ ഇക്കാര്യം അറിയിച്ചത്. സലിംകുമാർ കായംകുളത്ത് പ്രചാരണത്തിനെത്തുമെന്നും ഹൈബി വ്യക്തമാക്കി.
“അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് എന്നെ പഠിപ്പിച്ചത്. അരിതയുടെ വാർത്ത കണ്ടപ്പോൾ അമ്മയെ ഓർത്തു.
അരിതയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക ഞാൻ നൽകാം. വോട്ടുതേടിയും എത്തും..’ അരിതയെ പിന്തുണച്ച് സലിംകുമാർ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്ഥാനാർഥിയാണ് കായംകുളത്തെ അരിത ബാബു. 27 വയസുള്ള അരിത നിർധന കുടുംബത്തിലെ അംഗമാണ്.
മാതൃക പെണ്‍കുട്ടിയാണ് അരിതയെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തിനിടെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
പശുവിനെ വളർത്തി പാൽവിതരണത്തിലൂടെയാണ് അരിതയും കുടുംബവും ജീവിക്കുന്നത്.
കെഎസ്യു കായംകുളം നിയോജകമണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഇരുപത്തിയൊന്നാം വയസിൽ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽനിന്ന് യുഡിഎഫ് സ്ഥാനാർഥിയായി ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്തംഗമായിരുന്നു. നിലവിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. ബി കോം ബിരുദധാരിണിയാണ് അരിത.
അരിതയെ സപ്പോർട്ട് ചെയ്ത് സലിംകുമാർ രംഗത്തുവന്ന വിവരം പുറത്തുവിട്ട ഹൈബി ഈഡന്റെ പോസ്റ്റിന് വൻ ഷെയറും ലൈക്കും കിട്ടി വൈറലാവുകയായിരുന്നു.