തൃശൂർ: മേയറായിട്ടും ദിവസവും രാവിലെ വീടുകളിൽ പാലെത്തിച്ചതിനുശേഷമാണ് അജിത വിജയൻ കോർപറേഷനിൽ എത്തിയിരുന്നത്. മേയറാകുന്നതിനു മുന്‍പും കൗണ്‍സിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമൊക്കെ ആയിരിക്കുന്പോഴും ദിവസവും ചെയ്യുന്ന തൊഴിൽ ഉപേക്ഷിക്കാൻ അജിത തയാറായിരുന്നില്ല.
മേയർസ്ഥാനവും കൗണ്സിലർസ്ഥാനവുമൊക്കെ വരും,പോകും. എന്നാൽ സ്ഥിരമായി ഒരു ജോലിചെയ്ത് ജീവിക്കാനുള്ള പണമുണ്ടാക്കിയതിനുശേഷം സേവനപ്രവർത്തനങ്ങൾ നടത്തുന്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്നു വേറെതന്നെയാണെന്ന് അജിത പറയുന്നു.
ഭർത്താവിന്റെ പേരിലാണ് മിൽമ പാൽ ഏജൻസി. ഭർത്താവിനെ സഹായിക്കാനാണ് അജിതയും സ്കൂട്ടറിൽ നേരം വെളുക്കുന്നതിനുമുന്പ് വീടുകളിൽ പാലെത്തിക്കുന്നത്.
പാൽ കൊടുക്കുന്നതുകൊണ്ട് രണ്ടു കാര്യങ്ങളും നടക്കും. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ വീട്ടുകാർക്കു നേരിട്ടുതന്നെ പറയാനുള്ള ഒരു അവസരമാണ്. കൂടാതെ പുലർച്ചെ പോകുന്നതിനാൽ വഴി വിളക്കുകൾ കത്തുന്നുണ്ടോയെന്ന് ആരും പരാതി പറയാതെതന്നെ കണ്ടെത്താനും കഴിയും.
ഒട്ടേറെ വികസനപ്രവൃത്തികൾക്കു തുടക്കമിടാനും പൂർത്തീകരിക്കാനും കഴിഞ്ഞെന്ന ചാരിതാർഥ്യത്തോടെയാണ് അധികാരമൊഴിയുന്നതെന്ന് അജിത വിജയൻ പറഞ്ഞു.