ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ രണ്ടു ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ഇന്നു തുടക്കം. റഫാൽ യുദ്ധവിമാന ഇടപാട് പ്രധാന അജണ്ടയാണെന്നു പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ സാമ്പത്തിക വർഷം അവസാനത്തോടെ കരാർ പൂർത്തിയാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
സമീപകാലത്തു ഫ്രഞ്ച് പ്രതിരോധ നിർമാതാവുമായി ഇന്ത്യ നടത്തുന്ന രണ്ടാമത്തെ വലിയ യുദ്ധവിമാന ഇടപാട് ആണിത്. ഒറ്റസീറ്റുള്ള 22 റഫാൽ മറൈൻ വിമാനങ്ങളും ഇരട്ട സീറ്റുള്ള നാല് ട്രെയിനർ പതിപ്പുകളുമാണു കരാറിൽ ഉൾപ്പെടുന്നത്. നിലവിലുള്ള റഷ്യൻ മിഗ്-29കെ യുദ്ധവിമാനങ്ങൾക്കു പകരമായി, റഫാൽ എത്തുന്നത് ഇന്ത്യൻ നാവികസേനയ്ക്കു കരുത്താകും.