തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുള്ള എഡിജിപി അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ടിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം. അജിത് കുമാർ നൽകിയത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്നും കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തമെന്നും അജിത്കുമാറും ഓടുന്ന കുതിരയും എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പറയുന്നു.
പരിചയക്കുറവ് കൊണ്ട് കാര്യങ്ങൾ നിയന്ത്രിച്ച എസ്പിയുടേയും പൂരം നടത്തിപ്പുകാരായ തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടേയും തലയിൽ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോർട്ട് എന്നാണ് ലേഖനം റിപ്പോർട്ടിനെ വിശേഷിപ്പിക്കുന്നത്.പൂരം കലക്കൽ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്നതാണ് ഈ ചിത്രം.
പൂരം പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. എഡിജിപി രംഗത്തുള്ളപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് വെറുമൊരു എസ്പിയാകുന്നതെങ്ങനെ? സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഓരോ നീക്കവും വീഡിയോയിൽ നിന്ന് വ്യക്തമാണ്.
പൂരം കലക്കിയതിനു ചുക്കാൻ പിടിച്ച അജിത്കുമാർ തന്നെ അന്വേഷണം നടത്തിയാൽ കലക്കിയില്ല എന്ന റിപ്പോർട്ടല്ലാതെ നൽകാനാവുമോയെന്നും ലേഖനത്തിൽ ചോദിക്കുന്നു. നാണംകെട്ട റിപ്പോർട്ട് തയ്യാറാക്കി സ്വയം കുറ്റവിമുക്തനായി നിൽക്കുകയാണ് അജിത്കുമാറെന്നും ലേഖനത്തിൽ വിമർശിക്കുന്നു.