ചങ്ങരംകുളം: സംസ്ഥാന പാതയിൽ അപകടങ്ങളും മരണങ്ങളും തുടരുന്പോഴും അമിതവേഗത തടയുന്നതിനും അപകടങ്ങൾ കുറക്കുന്നതിനും അധികൃതർ സ്വീകരിക്കാമെന്നേറ്റ നടപടികൾ കടലാസിലൊതുങ്ങുന്നു. കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ എടപ്പാൾ മുതൽ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂർ വരെയുള്ള ഭാഗങ്ങളിലാണ് അപകടങ്ങൾ പതിവായത്. കഴിഞ്ഞ മൂന്ന് മാസത്തിനകം നൂറ് കണക്കിന് അപകടങ്ങളിലായി പത്തു പേർക്ക് ഇവിടെ ജീവൻ നഷ്ടപ്പെട്ടു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടങ്ങൾ പതിവാകുന്പോഴും റോഡിലെ സുരക്ഷക്കായി സ്വീകാരിക്കാമെന്നേറ്റ വാഗ്ദാനങ്ങൾ ഇപ്പോഴും കടലാസിലാണ്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കുന്നതിന് ചിയ്യാനൂർ പാടത്ത് ലക്ഷങ്ങൾ ചിലവിട്ട് നിർമിച്ച പഞ്ചിങ് സ്റ്റേഷൻ മാസങ്ങൾ കഴിയും മുന്പ് അടച്ചു.
നിയന്ത്രണത്തിന് വേണ്ടത്ര പോലീസില്ലാത്തതാണ് കാരണം പറഞ്ഞിരുന്നത്. വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിന് ലക്ഷങ്ങൾ മുടക്കി പാതയോരത്ത് സ്ഥാപിച്ച സിസികാമറകളാവട്ടെ പലതും പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. രാത്രി കാലങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് അടക്കം എത്തുന്ന ദീർഘദൂര വാഹനങ്ങൾക്ക് റോഡിന്റെ ദിശ അറിയിന്നതിന് റോഡിൽ റിഫ്ളക്സുകളോ മറ്റു മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തത് വലിയ അപകടങ്ങൾക്ക് ഇടവരുത്തുന്നുണ്ട്.
പാതയോരത്ത് നിലവിൽ ഉള്ള വഴിയോരവിളക്കുകളാവട്ടെ ഒന്നും തന്നെ പ്രവർത്തനയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. വേഗത കുറക്കുന്നതിനും അപകടം കുറക്കുന്നതിനുമായി വളയംകുളത്തും ചിയ്യാനൂർ പാടത്തുമായി സ്ഥാപിച്ച സെമിഹന്പുകൾ വാഹനങ്ങൾക്ക് കെണിയാവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഹന്പ് തിരിച്ചറിയാൽ കഴിയാത്തത് മൂലം വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടുന്നതും ദിവസേനെ ഒന്നിലധികം വാഹനങ്ങൾ ഇവിടെ കൂട്ടിയിടിക്കുന്നതും പതിവ് കാഴ്ചയാണ്.
ഇവിടെ സ്ഥാപിച്ച താൽകാലിക ഡിവൈഡറുകൾ പലതും വാഹനങ്ങൾ ഇടിച്ച് തകർത്തു. വേഗത കുറക്കുന്നതിന് പാതയോരത്ത് പല സ്ഥലങ്ങളിലായി സ്വകാര്യവ്യക്തികളുടെ സഹായത്തോടെ സ്ഥാപിച്ച ഡിവൈഡറുകൾ പലതും മാസങ്ങൾ കഴിയും മുന്പ് വാഹനങ്ങൾ ഇടിച്ച് തകർക്കുന്നതും പതിവാണ്. വളയംകുളം പാവിട്ടപ്പുറം നടുവട്ടം തുടങ്ങിയ ഇടുങ്ങിയ റോഡുകളിലും ടാർവീപ്പകൾ കൊണ്ട് തീർത്ത ഡിവൈഡർ സംവിധാനങ്ങൾ വാഹനങ്ങൾ കയറിയിറങ്ങി വഴിയാത്രികർക്ക് പോലും ശല്യമായിരിക്കുകയാണ്.
പാതയോരത്ത് ദിവസേനെയെന്നോണം കെട്ടിപ്പൊക്കുന്ന തട്ടുകടകളും പരസ്യബോർഡുകളും വാഹനങ്ങൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്. പാതയോരത്തെ സീബ്രലൈനുകൾ മാഞ്ഞു പോയതും കാൽനടയാത്രികർക്ക് റോഡ് മുറിച്ച് കടക്കുന്പോൾ അപകടങ്ങൾ വരുത്താൻ കാരണമാണ്. ചങ്ങരംകുളത്ത് തിരക്കേറിയ ഹൈവേ ജംഗ്ഷനിൽ പാതയോരത്ത് കാൽനട യാത്ര പോലും കഴിയാത്ത രീതിയിൽ കെട്ടിയ കെട്ടിടങ്ങളും പരസ്യ ബോർഡുകളും അപകടഭീഷണി ഉയർത്തുന്നു. തിരക്കേറിയ ജംഗ്ഷനിൽ സ്ഥാപിച്ച ദിശാബോർഡുകൾ പലതും അപ്രത്യക്ഷമായതോടെ ജംഗ്ഷനിൽ വാഹനങ്ങൾ വഴിതെറ്റുന്നതും വട്ടം കറങ്ങുന്നതും പതിവായിട്ടുണ്ട്.