കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായ അജ്മലിനെതിരേ കാറിൽ ഒപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ മൊഴി.
തന്നെ അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ഡോ. ശ്രീക്കുട്ടി നൽകിയ മൊഴിയിൽ പറയുന്നത്. കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ല. കാർ സ്കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടില്ലെന്നാണ് ശ്രീക്കുട്ടി പറയുന്നത്.
തന്റെ പണവും സ്വർണാഭരണങ്ങളും അജ്മൽ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടർന്നതെന്നും ശ്രീക്കുട്ടി പറയുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണാകുറ്റമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്.
എന്നാൽ അജ്മലും ശ്രീക്കുട്ടിയും ലഹരിക്കും മദ്യത്തിനും അടിമയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അപകടം നടന്ന തലേദിവസം ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ നിന്ന് എംഡിഎംഎ അടക്കം ഉപയോഗിച്ചതിന് പോലീസിന് തെളിവ് ലഭിക്കുകയും ചെയ്തു. ഹോട്ടല്‍ മുറിയിൽ നിന്ന് മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു.
അപകടം നടന്ന അനൂർകാവിൽ അജ്മലിനെയും ശ്രീക്കുട്ടിയെയും എത്തിച്ചെങ്കിലും നാട്ടുകാർ പ്രകോപിതരായതോടെ പുറത്തിറക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ശ്രീക്കുട്ടിയെയും വാഹനത്തിന് പുറത്തിറക്കാതെ തെളിവെടുപ്പ് നടത്തുകയായിരുന്നു.