നിലന്പൂർ: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലുള്ള വണ്ടൂർ സ്വദേശിയായ കെ.കെ.അജ്മലിന്റെ കുടുംബം കടുത്ത ആശങ്കയിൽ. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി കിടുകിടപ്പൻ അബ്ബാസിന്റെ മകൻ കെ.കെ.അജ്മലാണ്(27) ബ്രിട്ടീഷ് ആർമി പിടിച്ചെടുത്ത ഗ്രേസ് വണ് എന്ന കപ്പലിലുള്ളത്. കപ്പലിൽ ജൂണിയർ ഓഫീസറാണ് അജ്മൽ. അജ്മൽ ഉൾപ്പടെ മൂന്നു മലയാളികളാണ് കപ്പലിലുള്ളത്. ഗുരുവായൂർ, കാസർഗോഡ് സ്വദേശികളാണ് മറ്റു രണ്ടുപേർ.
അജ്മൽ ജൂണിയർ ഓഫിസറായി കയറിയത് മൂന്നു മാസം മുൻപാണ്. നേരത്തേ യുഎസ് കപ്പലിൽ അടക്കം രണ്ടു വർഷം ജോലി ചെയ്തിട്ടുണ്ട്. പുതിയ കപ്പലിൽ ജോലിക്ക് ചേരാൻ മേയിലാണ് പോയത്. മേയ് 13നു തന്നെ ഫുജൈറയിൽ നിന്നു കപ്പൽ പുറപ്പെടുകയും ചെയ്തു. ജൂലൈ നാലിനു ബ്രിട്ടൻ സൈന്യം കപ്പൽ പിടിച്ചെടുക്കുന്ന സമയത്തു ക്യാപ്റ്റനു സമീപം നിയന്ത്രണച്ചുമതലയിലായിരുന്നു അജ്മൽ.
ഹെലികോപ്റ്ററിൽ വന്ന് കപ്പലിലേക്ക് ഉൗർന്നിറങ്ങിയ ബ്രിട്ടിഷ് നാവികസേനയുടെ റോയൽ മറീൻസ് വിഭാഗം എല്ലാവരെയും തടഞ്ഞുവച്ചു. പാസ്പോർട്ട് അടക്കമുള്ള രേഖകളും മൊബൈൽ ഫോണ്, ടാബ്ലറ്റ്, ലാപ്ടോപ് തുടങ്ങിയവയും വാങ്ങിവച്ചു. 10 ദിവസം കഴിഞ്ഞ് ഫോണ് തിരിച്ചു കൊടുത്തു. പിന്നീടാണു കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടത്. ബ്രിട്ടൻ കപ്പൽ പിടിച്ചെടുത്ത വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നെങ്കിലും സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കിയിരുന്നില്ല.
കോടതിവിധി വന്ന ശേഷം കപ്പലും എണ്ണയും ബ്രിട്ടൻ എടുക്കുകയാണെങ്കിൽ ഒരു മാസത്തിനകം ഇന്ത്യയിൽ തിരിച്ചെത്തും. കന്പനിക്ക് അനുകൂലമായ വിധിയാണെങ്കിൽ എണ്ണ എത്തിച്ചു കൊടുത്ത ശേഷം തിരിച്ചെത്തുമെന്നും അജ്മൽ ശബ്ദ സന്ദേശം അയച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായാണു തങ്ങളെ കസ്റ്റഡിയിൽ എടുത്തതെന്നും തെളിവെടുപ്പു കഴിഞ്ഞാൽ വിടുമെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നും ഭയപ്പെടാനില്ലെന്നും സന്ദേശത്തിൽ ഉണ്ട്.
എത്രയും പെട്ടെന്ന് കപ്പൽ വിട്ടയക്കാനുള്ള നടപടികളുണ്ടാകണമെന്ന പ്രാർഥനയിലാണ് കുടുംബം. വണ്ടൂർ വിഎംസി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പഠനത്തിനു ശേഷം കൊൽക്കത്തയിലാണ് അജ്മൽ നോട്ടിക്കൽ എൻജിനീയറിംഗ് പഠിച്ചത്. ഇതിനു ശേഷം കഴിഞ്ഞ മേയ് 13നാണ് ഗ്രേയസ് വണ്ണിൽ ജോലിക്കു ചേർന്നത്. നാട്ടിലെ സാമൂഹിക, സാംസ്കാരിക, രാഷട്രീയരംഗങ്ങളിലെല്ലാം നിറസാന്നിധ്യമായ അജ്മലിന്റെ തിരിച്ചു വരവ് എത്രയും വേഗത്തിലാകണമെന്ന പ്രാർഥനയിലാണ് ഒരു നാട് മുഴുവൻ.
സാധ്യമായ സഹായങ്ങൾ ചെയ്യുന്നുണ്ടെന്നും എംപി കൂടിയായ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും കുടുംബത്തെ സന്ദർശിച്ച എ.പി.അനിൽകുമാർ എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി എംഎൽഎ ഫോണിൽ സംസാരിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എംപി, ബിജെപി നേതാക്കളായ കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരും കുടുംബത്തെ വിളിച്ചു.