മുക്കം: തന്റെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമ്പോൾ കൊടിയത്തൂര്‍ സ്വദേശി അജ്മല്‍ ഒരിക്കലും ആലോചിച്ചിരുന്നില്ല ഗൂഗിള്‍ തന്നെ ഇത്രയധികം അതിശയിപ്പിക്കുമെന്ന്. പ്രകൃതിയോടും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളോടും ഏറെ താൽപര്യമുള്ള അജ്മൽ ആദ്യം ഉപയോഗിച്ചിരുന്ന ഗൂഗിളിന്റെ പിക്സല്‍ ഫോണിലും പിന്നീട് ഉപയോഗിച്ച വണ്‍പ്ലസ് മൊബൈൽ ഫോണിലും എടുത്ത ചിത്രങ്ങളാണ്
ഇന്‍സ്റ്റഗ്രാമില്‍ ഗൂഗിള്‍ പിക്സല്‍ ഹാഷ്ടാഗില് പബ്ലിഷ് ചെയ്തത്.
എടുത്ത ഫോട്ടോകള്‍ ഇഷ്ടപ്പെട്ട ഗൂഗിള്‍ അംഗങ്ങൾ അജ്മലിനെ വിളിച്ച് ഒറിജിനല്‍ ഫോട്ടോകള്‍ അയക്കാന്‍ ആവശ്യപ്പെട്ടു. ഫോട്ടോ കിട്ടിയതോടെ അജ്മലിന്റെ അഡ്രസ് വാങ്ങിയ ഗൂഗിള്പ്രവർത്തകർ അജ്മലിന് ഒരു സര്‍പ്രൈസ് തരുന്നുണ്ടെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഈ സർപ്രൈസ് അജ്മലിനെ തേടിയെത്തിയത്. ഗിഫ്റ്റ്പാക്ക് ലഭിച്ച അജ്മൽ ഏറെ സന്തോഷത്തിലായിരുന്നു.83000 രൂപ വിലയുള്ള അടുത്ത ആഴ്ച പുറത്തിറങ്ങാനിരിക്കുന്ന ഗൂഗിൾ പിക്സൽ 3 എക്സ് എൽ സ്മാര്‍ട്ട് ഫോണാണ് സമ്മാനമായി ലഭിച്ചത്. ഗൂഗില്‍ തന്റെ ഫോട്ടോകളെ അംഗീകരിച്ചതിന്റെ ത്രില്ലിലാണ് ഈ യുവാവ്.
പ്രൊഫഷണലായി ഫോട്ടോഗ്രാഫി പഠിച്ചിട്ടില്ലെങ്കിലും ഒരു പ്രൊഫഷണലിനെ വെല്ലുന്ന ഫോട്ടോകളാണ് അജ്മലിന്റെത്. യാത്രചെയ്യാനും പ്രകൃതിയും അതിലെ വസ്തുക്കളും ഒപ്പിയെടുക്കാനും അതീവ തല്പരനാണ് ഈ സൗത്ത് കൊടിയത്തൂർ സ്വദേശി .
കുറ്റിക്കാട്ടൂര്‍ എ ഡബ്ല്യൂ എച്ച് കോളേജില്‍ നിന്ന് മെക്കാനിക്കില്‍ പോളി ബിരുദം നേടിയ അജ്മല്‍ ഇപ്പോള്‍ ചെന്നൈ ടി വിഎസ് കമ്പനി യിൽ ട്രെയിനിയാണ്. കാരാട്ട് മുഹമ്മദ്- സുബൈദ ദമ്പതികളുടെ മകനാണ് അജ്മൽ. മൊബൈൽ ഫോണുകളുടെ ദുരുപയോഗം മൂലം നിരവധി ദുരന്തങ്ങൾ നിത്യവും കേട്ടുകൊണ്ടിരിക്കുന്ന മലയാളിക്ക് ആശ്വാസത്തിന് വക നൽകുന്നതാണ് അജ്മലിനെ തേടിയെത്തിയ ഈ അംഗീകാരം .