കോഴിക്കോട്: പോലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെട്ട മോഷണകേസിലെ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ തിരൂര്‍കാട് ഓടപ്പറമ്പില് അജ്മല്‍ (25) ആണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി ഏഴോടെ തൊണ്ടയാട് ബൈപ്പാസ് ജംഗ്ഷന് സമീപത്താണ് സംഭവം. തുടര്‍ന്ന് മെഡിക്കല്‍കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊടുവള്ളി പോലീസും അന്വേഷിക്കുന്നുണ്ട്. രാത്രി മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പോലീസ് അജ്മലിനെ അന്വേഷിച്ചുവരികയാണ്. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലേയും കെഎസ്ആര്‍ടിസി, റെയില്വേസ്റ്റേഷന് എന്നിവിടങ്ങളിലേയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതിയെ തിരിച്ചറിയുന്നതിനായി എല്ലാ സ്റ്റേഷനുകളിലേക്ക് ഫോട്ടോ അയയ്ച്ചു നല്‍കിയിട്ടുണ്ട്. കൂടാതെ നിര്‍മാണത്തിലുള്ള കെട്ടിടങ്ങള്‍ ആള്‍താമസമില്ലാത്ത വീടുകള്‍ എന്നിവിടങ്ങളിലും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ അജ്മലിന്റെ സുഹൃത്തുക്കളേയും ബന്ധുക്കളേയും നിരീക്ഷിക്കുന്നുണ്ട്. ഇവരില്‍ ആരുടേയെങ്കിലും ഫോണിലേക്ക് അജ്മല്‍ വിളിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഇതുവഴി അജ്മല്‍ എവിടെയാണുള്ളതെന്ന് പോലീസിന് അറിയാനവും.
കൊടുവള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസുമായി ബന്ധപ്പെട്ടാണ് അജ്മലിനെ കഴിഞ്ഞ നവംബര്‍ 29 ന് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ വാങ്ങിയ അജ്മലിനെ ഇന്നലെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലാജയിലിലേക്ക് കൊണ്ടുവരും വഴിയാണ് രക്ഷപ്പെട്ടത്. കൊടുവള്ളി സ്റ്റേഷനിലെ ഡ്രൈവറും രണ്ട് പൊലിസുകാരുമായിരുന്നു പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയത്. കേസിലെ മറ്റൊരു പ്രതിയായ പുത്തനത്താണി ചുങ്കം ആലുങ്ങല്‍ ജുനൈദും (24) ജീപ്പിലുണ്ടായിരുന്നു.
പോലീസ് ജീപ്പ് തൊണ്ടായാട് ജംഗ്ഷനിലെ സിഗ്നലില്‍ നിര്‍ത്തിയപ്പോള്‍ അജ്മല്‍ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. കൈവലിങ്ങോടു കൂടിയാണ് അജ്മല്‍ ഓടി രക്ഷപ്പെട്ടത്. ബോഡി ബില്‍ഡിംഗ് ചാമ്പ്യനായ അജ്മലിനെതിരേ 18 ഓളം മോഷണകേസുകളുണ്ടെന്ന പോലീസ് അറിയിച്ചു. മൂന്നംഗ മോഷണസംഘം സഞ്ചരിച്ച ജീപ്പ് കൊടുവള്ളി പഴയ ആര്‍ടി ഓഫീസിടുത്ത് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അജ്മലും ജുനൈദും പോലിസ് പിടിയിലായത്.
ഒപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശി റഹിം അന്ന് തന്നെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. മയക്കുമരുന്ന് ലഹരിയിലായിരുന്ന ഇവര്‍ സഞ്ചരിച്ച് ജീപ്പും പത്തോളം വില കൂടിയ മൊബൈല്‍ഫോണുകളും മെഡിക്കല്‍ ഉപകരണങ്ങളും പോലിസ് പിടിച്ചെടുത്തിരുന്നു. ഇത് കോഴിച്ചെനയിലെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.