കോഴിക്കോട് / നാദാപുരം : അരൂര്‍ എളയിടത്ത് വോളിബോള്‍ മത്സരം കണ്ട് മടങ്ങുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം പ്രത്യേകസംഘം അന്വേഷിക്കും.
റൂറല്‍ എസ്പി ഡോ.ബി.ശ്രീനിവാസന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി.സുന്ദരത്തിനാണ് അന്വേഷണ ചുമതല.
പന്തിരിക്കര ചെമ്പുനടക്കണ്ടിയില്‍ അജ്നാസിനെ തട്ടികൊണ്ടുപോയ സംഭവത്തിന് പിന്നില്‍ ചില സംശയങ്ങളുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഡിവൈഎസ്പി രാഷ്ട്ര ദീപികയോട് പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ ശേഖരിച്ചുവരികയാണ്.
അതേസമയം ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന സന്ദേശം പുറത്തുവന്നിട്ടുണ്ട്. ചിലരുമായി പണമിടപാട് പ്രശ്നമുണ്ടെന്നും അത് പരിഹരിച്ചെന്നുമാണ് പറുയുന്നത്.
എന്നാല്‍ ഇത് പോലീസ് മുഖവിലക്കെടുത്തിട്ടില്ല. അജ്നാസിൻരെ സഹോദരന് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം രണ്ടുദിവസംമുമ്പ് ചില യുവാക്കള്‍ വീട്ടുകാരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഒരു സംഘം യുവാക്കള്‍ അജ്നാസിന്റെ വീട്ടിലെത്തിയാണ് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ അജ്നാസിനെയും തട്ടിക്കൊണ്ടുപോയത്.
വീട്ടിലെത്തിയ സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ നമ്പര്‍ നാട്ടുകാരില്‍ ചിലര്‍ രേഖപ്പെടുത്തിയിരുന്നു.
അജ്നാസിനെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത അറിഞ്ഞ നാട്ടുകാര്‍ കാറിന്റെ നമ്പര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് ഇന്നോവ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
കെഎല്‍ 12 ഇ 9988 നമ്പര്‍ ഇന്നോവയാണ് വടകര വില്യാപ്പള്ളി സ്വദേശിയുടെ വീട്ടില്‍ നിന്നാണ് വടകര എസ്ഐ ഷറഫുദീന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത കാര്‍ ഫോറന്‍സിക് എക്സ്പേര്‍ട്ട് എ.കെ. സബീനയുടെയും, വിരലടയാള വിദഗ്ദന് ജിജേഷ് പ്രസാദിന്റേയും നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.