അടുത്തയിടെ അന്റാർട്ടിക്കൻ തീരത്തുനിന്ന് ഒരു ചിത്രം ഗൂഗിൾ മാപ്പിൽ തെളിഞ്ഞുവന്നു. ശാസ്ത്രലോകമാകട്ടെ ഇപ്പോൾ ഈ ചിത്രത്തിനു പിന്നാലെയാണ്.
മഞ്ഞുരുകിയപ്പോൾ തെളിഞ്ഞു വന്ന ഒരു അജ്ഞാത ജീവിയുടെ അസ്ഥികൂടത്തിന്റെ ചിത്രമാണ് ശാസ്ത്ര ലോകത്തിന്റെ ഉറക്കം കെടുത്തുന്നത്. ഭൂമിയിലുണ്ടായിരുന്ന ഒരു വിചിത്ര ജീവിയുടെ അസ്ഥികൂടമാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
ഒരു യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത അസ്ഥികൂടത്തിന്റെ വീഡിയോയ്ക്കു താഴെ ദിനോസറുകൾക്കും മുന്പ് ഭൂമിയിലുണ്ടായിരുന്ന ജീവിയുടേതാണെന്നും അല്ല കടൽ നായ്ക്കളുടേതാകാമെന്നും വാദിച്ചു നിരവധി പേരാണ് എത്തിയിരിക്കുന്നത്.
അന്റാർട്ടിക്കയിലെ വിദൂരപ്രദേശത്തു ഉണ്ടായിരുന്ന ഏതെങ്കിലും ജീവിയുടേതായിരിക്കും ഇതാണെന്നാണ് യൂ ട്യൂബറുടെ അഭിപ്രായം. കേടുപാടുകളൊന്നും സംഭവിക്കാത്ത വളരെ വലിയ ഒരു അസ്ഥികൂടമാണ് വീഡിയോയിൽ കാണുന്നത്.
ഏകദേശം 12 മുതൽ 20 അടി താഴ്ചയിലായാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നതെന്നു കരുതുന്നു.അടുത്ത കാലത്താണോ ഈ ഭാഗത്തെ മഞ്ഞുരുകിയത്? അസ്ഥികൂടം മഞ്ഞിനടിയിലായിട്ട് എത്ര നാളായി? ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമായിട്ടില്ല.
ഈ പ്രദേശത്തു കാണപ്പെടാത്ത ജീവിയുടേതാണെങ്കിൽ അത് എങ്ങനെ ഇവിടെയെത്തി എന്നതും കണ്ടെത്തണം.ഗൂഗിൾ ചിത്രങ്ങളിൽ കാണപ്പെടുന്ന കടൽ നായ്ക്കളുടെ ചിത്രവുമായി ഈ ചിത്രങ്ങൾക്കു സാമ്യമുണ്ടെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, കടൽ നായ്ക്കൾക്കു പിന്നിലെ കാലുകളില്ലെന്നു മറ്റു ചിലർ പറയുന്നു.അമേരിക്കയിൽ കാണപ്പെടുന്ന ചീങ്കണ്ണിയുടെ അസ്ഥികൂടം പോലെ കാണപ്പെടുന്നുവെന്നും അതിനാൽ കരയിലെ വലിയ ഉരഗങ്ങളുടേതായിരിക്കാമെന്നും വാദിക്കുന്നവരുമുണ്ട്. എന്തായാലും ഈ സംശയങ്ങൾക്ക് ശാസ്ത്രലോകം ഉടൻ മറുപടി നൽകുമെന്നാണ് കരുതുന്നത്.