അയർക്കുന്നം: തൊടലിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ കടിച്ചുതിന്ന അഞ്ജാത ജീവി കുറുക്കനോ !.
അയർക്കുന്നം മറ്റക്കര ആലേക്കുന്നേൽ ഇല്ലിക്കൽ ശ്രീനിവാസന്റെ വളർത്തുനായയേയാണ് തലയും വാലുമൊഴികെ ഉടൽഭാഗം കടിച്ചുതിന്ന നിലയിൽ ചൊവ്വാഴ്ച രാവിലെ വീട്ടുമുറ്റത്ത് കണ്ടെത്തിയത്.
രാത്രി വീട്ടുമുറ്റത്ത് തൊടലിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചുതിന്ന നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി വീട്ടുകാർ നായയ്ക്ക് ഭക്ഷണം നൽകിയ ശേഷമാണ് ഉറങ്ങാൻ കിടന്നത്.
നായയുടെ ഉടൽ ഭാഗം പൂർണമായും ഏതോ ജീവി കടിച്ചുതിന്ന നിലയിലാണ്. കഴുത്തിൽ കെട്ടിയിരുന്ന തൊടൽ കുറ്റിയിൽ കെട്ടിയ നിലയിൽതന്നെയാണ്. രാത്രിയിൽ നായയുടെ കുരയോ, അസ്വാഭാവിക ബഹളമോ കേട്ടില്ലെന്ന് വീട്ടുകാർ പറയുന്നു.
മുറ്റത്ത് മറ്റ് ജീവികളുടെ കാൽപ്പാടുകളും കണ്ടെത്താനായില്ല. നായയെ കെട്ടിയിരുന്നതിന് സമീപം ചാരിവെച്ചിരുന്ന തടിക്കഷണങ്ങൾ മറിഞ്ഞ നിലയിലാണ്. ഏതുജീവിയാണ് നായയെ ആക്രമിച്ചതെന്നതിന് സൂചനയൊന്നും വീട്ടുകാർക്ക് ലഭിച്ചിട്ടില്ല.
വിവരമറിഞ്ഞ സമീപവാസികൾ പരിഭ്രാന്തിയിലാണ്. പ്രദേശത്ത് കുറുക്കന്റെ ശല്യം രൂക്ഷമാണെന്നും കുറക്കനാകാം നായയെ തിന്നതെന്നും നാട്ടുകാർ പറയുന്നു.