ചാവക്കാട്; അജ്ഞാതജീവിയുടെ ആക്രമണത്തിൽ ആടുകൾ നഷ്ടപ്പെട്ട് ഉറക്കം നഷ്ടപ്പെട്ടിരുന്ന തീരവാസികൾക്ക് ഇപ്പോൾ അജ്ഞാത മനുഷ്യർ ഉറക്കം കളയുന്നു.21 വർഷം മുന്പാണ് ചാവക്കാട് തീരമേഖലയിൽ അജ്ഞാതജീവിയുടെ ആക്രമണം ആരംഭിച്ചത്. കൂട്ടിൽ കിടക്കുന്ന ആടുകളെ രാവിലെ ചത്തനിലയിൽ കാണും. കഴുത്തിൽ ആഴത്തിൽ രണ്ട് ദ്വാരം. മറ്റ് പരിക്കുകൾ കാണില്ല. ആടിന്റെ രക്തം മുഴുവൻ നഷ്ടപ്പെട്ട നിലയിലായിരിക്കും.
ആടുകൾക്ക് നേരെ വ്യാപകമായ നിലയിൽ ആക്രമണം തുടരുകയും ആക്രമിക്കുന്നത് ആരാണെന്ന് തിരിച്ചറിയാൻ കഴിയാതെ വന്നപ്പോഴാണ് അജ്ഞാതജീവി എന്ന പേര് വന്നത്. തീരമേഖലയിൽ ആട് കൃഷി വ്യാപകമായതിനാൽ അജ്ഞാതജീവിയുടെ ആക്രമണം ഇപ്പോഴും പലയിടത്തായി നടക്കുന്നു. അൽപം കുറവുണ്ടെങ്കിലും.
ഇതിനിടയിൽ തെരുവ് നായ്ക്കൾ ഒറ്റക്കും കൂട്ടമായും ആടുകള ആക്രമിക്കലും കടിച്ചു കൊല്ലുന്നതും ഇപ്പോഴും ചിലയിടത്ത് നടക്കുന്നുണ്ട്. പശുക്കളെയും തെരുവ് നായ്ക്കൾ വെറുതെ വിടുന്നില്ല. അജ്ഞാതജീവിക്കും തെരുവ് നായ്ക്കൾക്കും പിന്നാലെ ഇപ്പോൾ വീട്ടുകാരുടെ ഉറക്കം കെടുത്തുന്നത് അജ്ഞാത ആളുകളാണ്.
തിരുവത്ര ജിലാനി നഗർ കറുത്താറയിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ നഫീസയുടെ ആടിനു നേരെയാണ് കഴിഞ്ഞദിവസം രാത്രി പരാക്രമം നടന്നത്. നഫീസ വളർത്തുന്ന പത്ത് ആടുകളിൽ ഒന്നിനെ വീട്ടുവളപ്പിൽ വച്ച് കശാപ്പ് ചെയ്തവർ മാംസം കൊണ്ടുപോയി. തോലുൽപ്പെടെയുള്ള അവശിഷ്ടം കൂടിനു സമീപം തന്നെ ഉപേക്ഷിച്ചാണ് അജ്ഞാതമനുഷ്യർ സ്ഥലം വിട്ടത്.
നഫീസയും മകൻ അലിയും മാത്രമാണ് വീട്ടിൽ. കാറ്ററിംഗ് ജോലിക്കാരനായ അലി രാത്രി വീട്ടിൽ ഉണ്ടായിരുന്നില്ല. രാവിലെ നഫീസ ആടിൻ കൂട് തുറക്കാൻ ചെന്നപ്പോഴാണ് ആടിനെ കൊന്ന് മാംസം കൊണ്ടുപോയ നിലയിൽ കണ്ടത്. അതും ഇറച്ചി കഴുകി വൃത്തിയാക്കിയാണ് കൊണ്ടുപോയത്.
നേരത്തെ ഈ വീട്ടിൽ നിന്ന് ഏഴു കിലോയോളം വരുന്ന കോഴിയും മോഷണം പോയിരുന്നു. നേരത്തെ പറന്പിൽ കെട്ടിയിട്ടിരുന്ന ആടുകളെ ഓട്ടോറിക്ഷയുമായി എത്തി തട്ടിക്കൊണ്ടു പോകലും തീരമേഖലയിൽ നടക്കാറുണ്ട്.രാത്രി പർദയിട്ട് വീടിന് മുന്നിൽ നിന്ന് ഭയപ്പെടുത്തലും കതകിന് മുട്ടി പേടിപ്പെടുത്തലും പതിവാണ്. കഞ്ചാവിന്റെ ഉപഭോക്താക്കളാണ് സംഭവത്തിനു പിന്നിലെന്ന് പറയപ്പെടുന്നു. ഭീതി മൂലം പരാതി പറയാൻ ആളില്ല. തീരമേഖലയിൽ അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് അറിയിച്ചു.