എരുമേലി: ബൈക്കിൽ 33000 കിലോമീറ്റർ ചുറ്റി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പിന്നിട്ട് നേപ്പാളും ഭൂട്ടാനും മ്യാൻമറും കടന്ന് ഇന്ത്യയുടെ നാല് അതിരുകളും ചുറ്റിയുള്ള 200 ദിവസം പിന്നിട്ട സാഹസിക യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയിരിക്കുകയാണ് മെക്കാനിക്കൽ എൻജിനിയറായ എരുമേലി മണിപ്പുഴ കുളമാംകുഴി അജുവും സ്റ്റീൽ ഫാബ്രിക്കേറ്ററായ നിലമ്പൂരിലെ കരുളായി സ്വദേശി രാജേഷും.
കഴിഞ്ഞ ഏപ്രിൽ 24ന് എറണാകുളത്തുനിന്ന് ആരംഭിച്ച യാത്ര 201ാം ദിവസമായ ഇന്നലെ സമാപിച്ചു. 200 ദിവസമായി വെട്ടാത്ത മുടിയും താടിയുമായി അജുവിന്റെ രൂപം തന്നെ മാറിയിരുന്നു. രാജേഷിനുമുണ്ട് ഒട്ടേറെ മാറ്റങ്ങൾ. പക്ഷെ, ഇതിലെല്ലാം ഉപരി ഇവരുടെ മുഖത്ത് തെളിഞ്ഞ സംതൃപ്തിക്കാണ് അതിരുകളില്ലാതിരുന്നത്.
അവിചാരിതമായി സൗഹൃദത്തിലായവരാണ് അജുവും രാജേഷും. ഇവരുടെ സൗഹൃദത്തിനിടയിൽ ഒരു ആശയം രൂപം കൊള്ളുന്നു. ഇന്ത്യയെ അറിയുവാനായി ഒരു യാത്ര എന്ന ആശയം. സ്കൂളിൽ സാമൂഹ്യ ശാസ്ത്രം പഠിക്കുമ്പോൾ അജുവിന്റെ മനസിൽ പിടിമുറുക്കിയ മോഹം കൂടിയായിരുന്നു ഇന്ത്യ ചുറ്റിക്കാണുകയെന്ന സ്വപ്നം. സുഹൃത്ത് രാജേഷിനോട് ഈ മോഹം യാദൃച്ഛികമായി പങ്കുവച്ചതോടെയാണ് യാത്രയ്ക്ക് തുടക്കമായത്.
എഐഎംഇസിഎസിൽ എക്സിക്യൂട്ടീവ് എൻജിനിയറായ വെച്ചൂച്ചിറ കുളമാംകുഴി ഒരുമവിള അരുൾദാസിന്റെയും സെൽസിയുടെയും മകനായ 25 കാരൻ അജു ജോലിയിൽ നിന്ന് അവധിയെടുത്തു. നിലമ്പൂർ കരുളായി പറങ്ങാമൂട്ടിൽ രാജൻ -പ്രകാശിനി ദമ്പതികളുടെ മകനായ രാജേഷ് രാജ് (30) സ്വന്തം ഉപജീവനമാർഗമായ ബിസിനസിന് അവധി നൽകി. 350 സിസി റോയൽ എൻഫീൽഡ് ക്ലാസിക്കിൽ രാജേഷും, 150 സിസി ബജാജ് ഡിസ്ക്കവറിൽ അജുവും യാത്ര ആരംഭിച്ചു.
ഇന്ത്യ – ചൈന അതിർത്തിയിലെ കിബുത്തു, ഭൂംലാ പാസ്, നാഥുലാപാസ്. ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തിയിലെ തുർത്തുക്ക്, വാഗ ബോർഡർ. ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിലെ ദൗക്കി എന്നീ സ്ഥലങ്ങളും ഇവർ സന്ദർശിച്ചു.
ഒറ്റ റൈഡിൽ ഇന്ത്യയുടെ നാലു ഭാഗങ്ങളും സന്ദർശിക്കുക എന്നത് അപൂർവം ചില യാത്രികർക്ക് മാത്രം ലഭിച്ച ഭാഗ്യമാണ്. കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം തന്നെ ഇന്ത്യയിലെ വൈവിധ്യം നിറഞ്ഞ കാലാവസ്ഥ അതിജീവിക്കാൻ ഏറെ ബുദ്ധിമുട്ടിയെന്ന് ഇവർ പറയുന്നു. ദാബകളിലും, പെട്രോൾ പമ്പുകളിലും, ബസ് സ്റ്റോപ്പുകളിലും ടെന്റ് കെട്ടിയതിനു ശേഷം കിടന്നുറങ്ങിയായിരുന്നു യാത്രകൾ.
യാത്രയിൽ ഒട്ടേറെ മറക്കാനാവാത്ത അനുഭവങ്ങളാണുള്ളതെന്ന് ഇരുവരും പറയുന്നു. വഴി തെറ്റാതെ സഹായിച്ചവർ ഒക്കെ സംസാരിച്ചത് വിവിധ ഭാഷകളിലാണ്. അതെല്ലാം മനസിലാക്കിയെടുക്കുക തന്നെ പ്രത്യേക അനുഭവമാണ്. മണിപ്പൂരിൽ ഒരു ദിവസം തങ്ങാൻ അഭയം ലഭിച്ചത് പോലീസ് സ്റ്റേഷനിലാണ്. ഗോത്ര ആചാരങ്ങളും വേഷങ്ങളുമായി നാഗരികത തൊട്ടുതീണ്ടാത്ത കുഗ്രാമങ്ങൾ മറക്കാനാവാത്ത വ്യത്യസ്ത അനുഭവങ്ങളായിരുന്നു.
യാത്രയുടെ 197 ാം ദിവസമായ ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മംഗലാപുരം വഴി ഇവർ കേരളത്തിൽ തിരിച്ചെത്തിയത്. കണ്ണൂരിലെ സഫയർ റെസ്റ്റോറന്റിൽ സുഹൃത്തുക്കൾ സ്നേഹവിരുന്ന് നൽകിയാണ് ഇവരെ സ്വീകരിച്ചത്. യാത്ര പോകാൻ ആഗ്രഹിക്കുന്നവർ ഇനി അറിയാതെ ഓർത്തുപോകും എരുമേലിക്കാരൻ അജുവിന്റെയും സുഹൃത്ത് നിലമ്പൂർ സ്വദേശി രാജേഷ് രാജിന്റെയും ഈ യാത്രയെ.