ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള തീരുമാനത്തിനെതിരെ സിനിമാപ്രവര്‍ത്തകരടക്കമുള്ളവര്‍ രംഗത്തെത്തിയതാണ് ഇപ്പോള്‍ മലയാള സിനിമാലോകത്തെ ചര്‍ച്ചാവിഷയം. ഈ തീരുമാനത്തിനെതിരെ സിനിമാപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ ഭീമന്‍ ഹര്‍ജി നല്‍കിയതും വിവാദമായി.
അതേസമയം മോഹന്‍ലാലിനെ പിന്തുണച്ചും അദ്ദേഹത്തിന് ഇത്തരം വിവാദങ്ങളൊക്കെ വെറും തമാശയാണെന്ന് വിശദമാക്കിയും ആളുകള്‍ രംഗത്തെത്തുന്നുണ്ട്. ചിലരൊക്കെ പൊതുവായി അഭിപ്രായം പറയാന്‍ മടികാണിക്കുന്നുമുണ്ട്.
മോഹന്‍ലാലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയവരില്‍ രണ്ടുപേരുടെ അഭിപ്രായ പ്രകടനം ഏറെ ശ്രദ്ധേയവും ചിരിയുണര്‍ത്തുന്നതുമായിരുന്നു. നടന്‍ അജു വര്‍ഗീസിന്റേതും സംവിധായകന്‍ അരുണ്‍ ഗോപിയുടേതുമായിരുന്നു അത്. ട്രോളിന്റെ മാതൃകയിലാണ് രണ്ടു പേരും മോഹന്‍ലാലിന് പിന്തുണ അറിയിച്ചിരിക്കുന്നത്. അജു വര്‍ഗീസ് മോഹന്‍ലാലിന്റെ സ്ഫടികം എന്ന ചിത്രത്തിലെ രംഗം പങ്കുവച്ചപ്പോള്‍ അരുണ്‍ ഗോപി ഉപയോഗിച്ചത് ലാലിന്റെ തന്നെ ചന്ദ്രലേഖ എന്ന സിനിമയിലെ രംഗമാണ്.
രണ്ടിലൂടെയും വ്യക്തമാവുന്ന ആശയം മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ഈ വിവാദങ്ങളൊന്നും അദ്ദേഹത്തിന്റെ ഇമേജിന് യാതൊരു കളങ്കവും വരുത്തുന്നില്ല, ആരാധകരുടെയിടയില്‍ അദ്ദേഹത്തെ താഴ്ത്തി കെട്ടാന്‍ ആരും നോക്കണ്ട എന്നൊക്കെയാണ്. ഏതായാലും ട്രോളുകള്‍ മൂവരുടെയും ആരാധകര്‍ക്കിടയില്‍ ഹിറ്റായിരിക്കുകയാണ്.