അയിത്തം തുടരുന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ സഹായങ്ങളുമായെത്തിയ സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ച് നടന് അജു വര്‍ഗീസ്. സന്തോഷ് പണ്ഡിറ്റ് കോളനി സന്ദര്‍ശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് പണ്ഡിറ്റിന്റെ പ്രവര്‍ത്തിയില്‍ ബഹുമാനമുണ്ടെന്നും ഇത് പ്രചോദനമേകുന്നതാണെന്നും അജു വര്‍ഗീസ് കുറിച്ചത്. കോളനിവാസികള്‍ക്ക് പിന്തുണയും സഹായവുമായി നടന് സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞ ദിവസം ഇവിടെയെത്തിയിരുന്നു. സമൂഹത്തില്‍ രണ്ടാം കിട പൗരന്മാരായി തങ്ങളെ മാറ്റിനിര്‍ത്തുന്നതിന്റെ വേദനയാണ് കോളനിയിലെ പുതുതലമുറ ഉള്‍പ്പെടെ പങ്കുവച്ചതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു. നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള ഇവരുടെ എല്ലാ സമരങ്ങള്‍ക്കും പിന്തുണയുണ്ടെന്നും പണ്ഡിറ്റ് പറഞ്ഞു.
മുതലമട പഞ്ചായത്ത് അംബേദ്കര്‍ കോളനിയില്‍ കൗണ്ടര്‍ സമുദായക്കാര്‍ ഹരിജന്‍ കുടുംബങ്ങളെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. കോളനിയിലെ താമസക്കാരായ ചക്ലിയ സമുദായത്തില്‍പ്പെട്ട നൂറ്റമ്പതോളം കുടുംബങ്ങളിലെ സ്ത്രീകളും യുവാക്കളും തങ്ങള്‍ കടുത്ത ജാതി വിവേചനം നേരിടുന്നതായും പറഞ്ഞിരുന്നു. അംബേദ്കര്‍ കോളനിയിലെ ഹോട്ടലുകളില്‍ ചക്ലിയ സമുദായക്കാര്‍ക്ക് പ്രത്യേക ഗ്ലാസുകളിലാണ് ചായയും മറ്റും നല്‍കുന്നതെന്നും അയിത്തം ഇവിടെ നിലനില്ക്കുന്നുവെന്നുമായിരുന്നു പരാതി. കോളനിയിലെ കുടിവെള്ള സംഭരണിയില്‍ നിന്നും വെള്ളം എടുക്കുന്നതിനും ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2002 ല്‍ പ്രദേശത്ത് ചക്ലിയ സമുദായക്കാര്‍ക്കു നേരെ ആക്രമം നടന്നിരുന്നു. ബാര്‍ബര്‍ ഷോപ്പുകളില്‍ ഇവര്‍ക്ക് മുടിവെട്ടാന്‍ പോലും അനുമതിയുമില്ല.