ഇനി വിവാദത്തിനോ, പേരു പറച്ചിലിനോ അഭിപ്രായ പ്രകടനത്തിനോ മുതിരില്ല! അഭിനയിക്കുക എന്ന ജോലി മാത്രമേ ഏറ്റെടുക്കുന്നുള്ളു; നയം വ്യക്തമാക്കി നടന്‍ അജു വര്‍ഗീസ്

അനുഭവങ്ങളാണ് ഗുരു എന്ന് കാരണവന്മാര്‍ പറയുന്നത് വെറുതെയല്ലെന്ന് ഇപ്പോള്‍ നടന്‍ അജു വര്‍ഗീസിനും മനസിലായി. അത് വെളിവാക്കുന്ന ചില പ്രസ്താവനകളാണ് താരം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. പൊതു സമൂഹത്തോട് ഇനി അഭിപ്രായ പ്രകടനങ്ങള്‍ നടത്താനില്ല എന്നാണ് അജു വര്‍ഗീസ് കട്ടായം പറഞ്ഞിരിക്കുന്നത്. കാരണവും അജു വ്യക്തമാക്കിയിട്ടുണ്ട്. ഇനി വിവാദത്തിനോ, പേര് പറച്ചിലിനോ അഭിപ്രായ പ്രകടനത്തിനോ താന്‍ മുതിരില്ല. അത് വലിയ തൊല്ലാപ്പാവും. ഊരാന്‍ പറ്റതാവും. അതിലും നല്ലത് മിണ്ടാതിരിക്കുന്നതല്ലേ. അജു ചോദിക്കുന്നു. താനിത് കുറച്ച് നേരത്തെ മനസിലാക്കേണ്ടാതായിരുന്നെന്നും അജു വര്‍ഗ്ഗീസ് പറഞ്ഞു. തന്നെ നടനായി മാത്രമേ സമൂഹം കാണുന്നുള്ളുവെന്നും അക്കാരണം കൊണ്ടുതന്നെ ആ ജോലി മാത്രമേ ഏറ്റെടുക്കുന്നുള്ളുവെന്നും അജു പറഞ്ഞു.

നമ്മുടെ ജോലി ചെയ്യാനുള്ള ലൈസന്‍സ് മാത്രമേ അവര്‍ നമുക്ക് അനുവദിച്ച് തന്നിട്ടുള്ളൂവെന്നും ബാക്കി ഒന്നിലും അവര്‍ ലൈസന്‍സ് തന്നിട്ടില്ലെന്ന് മനസിലാക്കിയത് ഇപ്പോഴാണെന്നും അജു വ്യക്തമാക്കി. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുവനടന്‍ ടോവിനോയും സമാനമായ ചില അഭിപ്രായപ്രകടനങ്ങളുമായി രംഗത്തെത്തിയിരുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സമയത്ത് ആക്രമണത്തിനിരയായ നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അജു വര്‍ഗീസ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നടിയുടെ പേര് എടുത്ത് പറഞ്ഞിരുന്നു. ഇതിനെതിരെ സ്വകാര്യ വ്യക്തി കൊടുത്ത പരാതിയിന്മേല്‍ അജുവിനെതിരെ പോലീസ് കേസെടുക്കുകയും നടിയ്ക്ക് പരാതിയില്ലാത്തതിനാല്‍ ഉടന്‍തന്നെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ആ സംഭവങ്ങളുടെയെല്ലാം വെളിച്ചത്തിലാണ് അജു വര്‍ഗീസ് പുതിയ തീരുമാനങ്ങളെടുത്തിരിക്കുന്നത് എന്നുവേണം കരുതാന്‍.

 

Related posts