ചുരുങ്ങിയ കാലഘട്ടത്തിനിടയില്‍ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അജു വര്‍ഗീസ്. സിനിമകളില്‍ തിരക്കേറിയ നടന് ഇപ്പോഴിതാ ബിസിനിസിലേക്കും ചുവടുവയ്ക്കുകയാണ്. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനര്‍ കൂടിയായ ഭാര്യ അഗസ്റ്റീനയ്ക്കൊപ്പമാണ് അജു പുതിയ സംരംഭത്തിന് തുടക്കമിട്ടത്.
മാതൃദിനത്തില്‍ കുട്ടികള്‍ക്കുവേണ്ടി കിഡ്സ് ബുട്ടീക്കും ഹെയര്‍ സലൂണിന്റെ ഉദ്ഘാടനവും നടത്തിയിരിക്കുകയാണ്. ടൂല ലൂല എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തിന് ഉദ്ഘാടകരായി വിശിഷ്ടാതിഥികള്‍ക്ക് പകരം പതിവിന് വിപരീതമായി അജു വര്‍ഗീസിന്റെ നാല് മക്കളും ചേര്‍ന്നാണ് നിര്‍വഹിച്ചത്. സിനിമാ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു.
നടന് ആസിഫ് അലിയും കുടുംബവും മംമ്ത മോഹന്‍ദാസ്, അര്ജുന് അശോകന്, നിരഞ്ജന അനൂപ് തുടങ്ങിയവര്‍ ഉത്ഘാടന ചടങ്ങിനായി എത്തിയിരുന്നു. സംഗീത സംവിധായകന് ഷാന്‍ റഹ്മാന്റെ ഭാര്യ സൈറ റഹ്മാന് ആണ് ഷോപ്പിന്റെ ഇന്റീരിയര്‍ ഡിസൈനിംഗ് നിര്‍വഹിച്ചിരിക്കുന്നത്. കടയുടെ ഉത്ഘാടനത്തിനായി ഏവരെയും ക്ഷണിച്ചുകൊണ്ട് മെഗാ സ്റ്റാര്‍ മമ്മൂട്ടി ഇന്നലെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു.