റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങളെ പ്രൊമോട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുന്നത് നടൻ അജു വർഗീസിന്റെ പതിവാണ്.
ചിത്രങ്ങളിൽ താൻ അഭിനയിച്ചാലും ഇല്ലെങ്കിലും ഇക്കാര്യത്തിൽ അജു മുടക്കം വരുത്താറില്ല. ഇത്തരം പോസ്റ്റുകളുടെ പേരിൽ അഭിനന്ദനങ്ങളും പലപ്പോഴും വിമർശനങ്ങളും അജുവിനെ തേടിയെത്താറുമുണ്ട്. പക്ഷെ കഴിഞ്ഞ ദിവസം റിലീസ് ആയ ആട്-2 എന്ന ചിത്രത്തെ പിന്തുണച്ച് അജു ഫേസ്ബുക്കിൽ പോസ്റ്റിട്ടത് പലർക്കും പിടിച്ചില്ല. എന്നു മാത്രമല്ല അജുവിനെതിരേ ഫേസ്ബുക്കിലൂടെ ചിലർ അസഭ്യവർഷവും നടത്താൻ തുടങ്ങി.
ആട്-2 വിനെ അജു അങ്ങനെ പിന്തുണയ്ക്കുകയൊന്നും വേണ്ട എന്നാണ് ചിലർ പറയുന്നത്. ആട് ആദ്യഭാഗത്തിൽ ഷാജി പാപ്പൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയുമായി കടന്നുകളയുന്ന കഥാപാത്രമായാണ് അജു അഭിനയിക്കുന്നത്.
ആട്- 2വിലും അജു അഭിനയിക്കുന്നുണ്ട്. തുടർന്ന് അജു ഫേസ്ബുക്കിൽ വീണ്ടും വിശദീകരണവുമായി എത്തി. ഒപ്പം എന്ന സിനിമ മുതൽ ഞാൻ കാണുന്നതാണ്. ഞാൻ ചെറിയ ഭാഗമായ ഒപ്പം, വില്ലൻ, ആട്-2. എന്ത് പ്രൊമോട്ട് ചെയ്താലും തെറി. ആയിക്കോട്ടെ…- എന്നിങ്ങനെയാണ് അജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
ഈ പോസ്റ്റിനും രസകരങ്ങളായ മറുപടികളുണ്ട്. ഷാജിയേട്ടന്റെ ഓളെ അടിച്ചോണ്ടുപോയ നിങ്ങളെ പിന്നെ പൂവിട്ടു പൂജിക്കണോ എന്നാണ് ഒരാൾ പ്രതികരിച്ചിരിക്കുന്നത്.