യുവതാരങ്ങളായ പൃഥിരാജും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, റോഷിനി ദിനകര്‍ ചിത്രം, മൈ സ്‌റ്റോറിയ്‌ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാവുകയാണ്. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതു മുതല്‍ തുടങ്ങിയ ആക്രമണം, ചിത്രം റിലീസ് ചെയ്തിട്ടും തുടരുകയാണ്.
ഏതാനും നാളുകള്‍ക്ക് മുമ്പ് നടന്‍ മമ്മൂട്ടിയ്‌ക്കെതിരെ പാര്‍വതി നടത്തിയ ചില പരാമര്‍ശങ്ങളാണ് പാര്‍വതിയുടെ ചിത്രത്തെ തകര്‍ക്കാന്‍ ഒരുകൂട്ടം ആളുകള്‍ കച്ചകെട്ടിയിറങ്ങാന്‍ കാരണം.
സിനിമയ്ക്കും അഭിനേതാക്കള്‍ക്കും സംവിധായികയ്ക്കും പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ടെങ്കിലും ആക്രമണം തുടരുക തന്നെയാണ്. ചിത്രത്തിനെതിരേ ആസൂത്രിതമായ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ നടക്കുന്നതായും പാര്‍വതിയും പൃഥ്വിയും സിനിമയുടെ പ്രമോഷനുകളില്‍ സഹകരിക്കുന്നില്ലെന്നും സംവിധായക റോഷ്‌നി ആരോപിച്ചിരുന്നു. ഇപ്പോള്‍ സിനിമയ്ക്ക് പൂര്‍ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.
അജുവിന്റെ വാക്കുകള്‍ ഇങ്ങനെ…
‘മൈ സ്റ്റോറി’ എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. വളരെ നല്ല അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വച്ച് നടക്കുന്ന ആക്രമണം ഇപ്പോള്‍ ആ സിനിമയിലേക്കും നടക്കുന്നുണ്ട്. ഇതിന്റെ ബഡ്ജറ്റൊക്കെ വളരെ വലുതാണ്.
ആ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് പോര്‍ച്ചുഗലിലും മറ്റ് വിദേശ നാടുകളിലും ആണ്. നല്ലൊരു പ്രണയ കഥയാണ് സസ്പന്‍സുണ്ട്. അതുകൊണ്ട് ഈ ഒരു പ്രവണത ഒന്ന് കുറച്ചാല്‍ വളരെ നല്ലതായിരുന്നു. കാരണം, എത്രയോ പേരുടെ പരിശ്രമമാണ് ഈ സിനിമ. എന്റെ എല്ലാ പിന്തുണയും മൈ ‘സ്റ്റോറി’ക്കുണ്ട്. അജു പറഞ്ഞു.
മമ്മൂട്ടി ചിത്രം കസബയുടെ പേരിലുണ്ടായ വിവാദത്തെ തുടര്‍ന്ന് പാര്‍വതിയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ പാര്‍വതി അഭിനയിക്കുന്ന സിനിമകള്‍ക്ക് നേരെയും തിരിഞ്ഞിരുന്നു. ഇതില്‍ ഏറെ ആക്രമിക്കപ്പെട്ട ചിത്രമാണ് മൈ സ്റ്റോറി. ചിത്രത്തിന്റെ ടീസറുകളും ഗാനങ്ങളും ഇറങ്ങിയപ്പോഴും ഡിസ്‌ലൈക്കുകള്‍ മാത്രമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത്.