ഫ്രൈഡേ ഫിലിംസിന്റെ അണിയറക്കാരായ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള പ്രശ്‌നം കനക്കുന്നതിനിടെ നിര്‍ദോഷമായ കമന്റിട്ട അജു വര്‍ഗീസിനും സോഷ്യല്‍മീഡിയയില്‍ തെറിവിളി. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് വിജയ് ബാബു ഇട്ട ഫേയസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ അജു കമന്റ് ഇട്ടിരുന്നു. ചേട്ടാ നിങ്ങള്‍ രണ്ടുപേരും ഈ പ്രശ്‌നങ്ങളില്‍ നിന്നും വേഗം കരകയറട്ടേ എന്നായിരുന്നു അജുവിന്റെ കമന്റ്. ഇതിനുള്ള മറുപടിയായിട്ടാണ് ഒരാള്‍ അജുവിനെ പാഷാണം എന്ന് വിളിച്ചത്. ഉടന്‍ മറുപടിയുമായി താരം രംഗത്തെത്തി. താന്‍ ആരുടെയും പക്ഷം പിടിക്കുന്ന ആളല്ലെന്നും നിങ്ങള്‍ എന്നോടു തോന്ന്യാസം പറഞ്ഞതിനാല്‍ മറുപടി നല്കുന്നുവെന്നുമായിരുന്നു അജുവിന്റെ മറുപടി. അജുവിന്റെ കമന്റിന് നിരവധിപേര്‍ പിന്തുണയും നല്കി.
അജുവിന്റെ കമന്റ് ഇങ്ങനെ- വ്യക്തിപരമായും തൊഴില്‍മേഖലയയിലും എന്റെ സുഹൃത്തുക്കള്‍ ആണ് ഇവര്‍ രണ്ടു പേരും. അവര്‍ തമ്മില്‍ എന്തേലും പ്രശ്‌നം വരുമ്പോള്‍ അത് ഏറ്റെടുത്തു അവരെ രണ്ടു ഭാഗത്താക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല. മലയാളം സിനിമക്കും ഒരു പാട് പുതുമുഖങ്ങള്‍ക്കും ഇവര്‍ ചെയ്തത് മറക്കാന്‍ പറ്റുന്നതല്ല. ഇവര്‍ ഒന്നിച്ചു മലയാളം സിനിമയില്‍ ഇനിയും നല്ല സിനിമകള്‍ തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ അഭിപ്രായം ചോദിക്കാതെ നിങ്ങള്‍ എന്നോട് തോന്ന്യാസം പറഞ്ഞു ആയതിനാല്‍ പ്രതികരിക്കുന്നു.