എരുമേലി: ഇന്ത്യയും നേപ്പാളും ഭൂട്ടാനും ബൈക്കിൽ ചുറ്റുന്ന ത്രില്ലിലാണ് അജുവും രാജേഷും. എരുമേലി വെച്ചൂച്ചിറ കുളമാംകുഴി അജു (25)വും സുഹൃത്ത് നിലമ്പൂർ കരുളായി പറങ്ങാമൂട്ടിൽ രാജേഷ് രാജനു (30)മാണ് ബൈക്കിൽ ചുറ്റുന്നത്.
150 ദിവസം നീളുന്ന മഹായാത്രയുടെ അമ്പതാമത്തെ ദിവസം പിന്നിട്ട് ഇപ്പോൾ ആസാമിലെ ബ്രഹ്മപുത്ര നദിക്കരയിൽ എത്തി നിൽക്കുകയാണ് ഇരുവരും. ബൈക്കിൽ മൂന്ന് രാജ്യങ്ങളും ചുറ്റി സഞ്ചരിച്ചെത്തുന്നത് 150 ദിവസം കൊണ്ടാണ്.
ഭാഷകൾ, വ്യത്യസ്തമായ വേഷങ്ങൾ, കാലാവസ്ഥ എന്നിവ മാറിമറിയുന്നതിനൊപ്പം മലകളും പർവതങ്ങളും സമതലങ്ങളും ചെരിവുകളും തടാകങ്ങളും നദികളും സമുദ്രവും പിന്നിടുന്ന മഹായാത്രയുടെ അനുഭൂതി ഒന്ന് വേറെ തന്നെയെന്ന് ഇരുവരും പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 24 നാണ് ഇവർ യാത്ര തുടങ്ങിയത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും റോഡ് മാർഗം സഞ്ചരിച്ചാണ് യാത്ര.
അജു പത്ത് വർഷമായി മനസിൽ കൊണ്ടുനടന്ന മോഹം കൂടിയാണ് ഈ യാത്ര. സ്കൂളിൽ സാമൂഹ്യ ശാസ്ത്രം വായിച്ചു പഠിക്കുമ്പോൾ ഇന്ത്യ മൊത്തം ചുറ്റിക്കാണാൻ തോന്നിയ മോഹം മെക്കാനിക്കൽ എൻജിനീയറിംഗ് പഠിക്കുമ്പോഴും അജുവിന്റെ മനസിൽ നിന്ന് മാഞ്ഞിരുന്നില്ല.
രണ്ടുതവണ ഹിമാലയ പര്യടനം നടത്തിയതോടെ ആ മോഹം തീവ്രമായി മാറുകയായിരുന്നു. സുഹൃത്തുക്കളോട് പലപ്പോഴും ഇത് പറഞ്ഞ കൂട്ടത്തിൽ ഇത് വരെ ഒരു യാത്രയും പോയിട്ടില്ലാത്ത രാജേഷിന് അത് കേട്ടപ്പോൾ വലിയ സ്വപ്നമായി മാറിയത് പെട്ടെന്നായിരുന്നു. അങ്ങനെ ഒരു വർഷത്തെ തയാറെടുപ്പിനൊടുവിൽ മോഹം സഫലമാക്കാനുള്ള മഹായാത്ര തുടങ്ങുകയായിരുന്നെന്ന് ഇവർ പറഞ്ഞു.
എഐഎംഇസിഎസിൽ എക്സിക്യൂട്ടീവ് എൻജിനീയറാണ് അജു. സ്വന്തമായി ബിസിനസ് നടത്തുകയാണ് രാജേഷ്. അജു ബജാജ് ഡിസ്കവർ 150 ബൈക്കിലും രാജേഷ് രാജ് റോയൽ എൻഫീൽഡ് 350 ബുള്ളറ്റിലും യാത്ര ആരംഭിക്കുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ആശംസകളുമായി എത്തിയിരുന്നു.
എറണാകുളം ജോസ് ജംഗ്ഷനിലെ ചായക്കോപ്പയിൽ നിന്നായിരുന്നു യാത്രയുടെ ഫ്ലാഗ് ഓഫ്. നിരുത്സാഹപ്പെടുത്തിയവർ ഇപ്പോൾ ഫേസ്ബുക്കിലും യുട്യൂബിലും യാത്രാവിവരണത്തിന് ലൈകും കമന്റും നൽകുന്നുണ്ടെന്ന് ഇരുവരും സന്തോഷത്തോടെ പറയുന്നു. യാത്രയിൽ റൂമെടുത്ത് താമസിക്കേണ്ടി വന്നത് കുറച്ച് ദിവസങ്ങളാണ്. ചെലവ് ചുരുക്കാൻ ഭക്ഷണം സ്വന്തമായി പാകം ചെയ്ത് കഴിക്കുമെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ രുചിഭേദങ്ങളും പരിചയപ്പെടും.
പെട്രോൾ പമ്പുകളിലും കടകളുടെ വരാന്തകളിലും ടെന്റടിച്ചാണ് താമസം. 12000 കിലോമീറ്ററാണ് ഇതുവരെ പിന്നിട്ടത്. ചിത്രദുർഗാ കോട്ട, യെൽബർഗ, ഹംപി, വിശാഖപട്ടണം, റായ്പുർ, പുരി, ഗ്യാംഗ്ടോക്, ഡാർജലിംഗ്, കൽക്കത്ത, ഹിമാലയം, യുംതംഗ് വാലി, നാഥുലാ ടോപ്, മണിപ്പൂർ, മേഘാലയ, ഗുഹാവത്തി, ലോംഗ്വ – തുടങ്ങി പിന്നിട്ട നാടുകളുടെ പട്ടിക നീളുകയാണ്.
മണിപ്പൂരിൽ ഒരു ദിവസം തങ്ങിയത് പോലീസ് സ്റ്റേഷനിലാണ്. ഗോത്ര ആചാരങ്ങളും വേഷങ്ങളുമായി നാഗരികത തൊട്ടുതീണ്ടാത്ത കുഗ്രാമങ്ങൾ മറക്കാനാവാത്ത വ്യത്യസ്ത അനുഭവങ്ങളായിരുന്നു. 17,800 അടി ഉയരത്തിൽ തണുത്തുറഞ്ഞ ഗുരുദോഗമാർ തടാകം, കറൻസി നോട്ടിൽ ആലേഖനം ചെയ്ത കൊണാർക് സൂര്യ ക്ഷേത്രം, നാഗാലാൻഡിലെ ഗോത്രവംശജരിലെ രാജാവ്, ഇന്ത്യ – ചൈന -അഫ്ഗാൻ അതിർത്തികൾ, അങ്ങനെ ഒട്ടേറെ കാഴ്ചകൾ പിന്നിട്ടാണ് ഇപ്പോൾ ബ്രഹ്മപുത്ര നദീതീരത്തെത്തി നിൽക്കുന്നത്. 150 ദിവസമാണ് യാത്രയുടെ ദൈർഘ്യമായി തീരുമാനിച്ചതെങ്കിലും പൂർത്തിയാകാൻ സമയമേറെ വേണ്ടിവരുമെന്നാണ് ഇപ്പോൾ തോന്നുതെന്ന് മോഹ യാത്രയെ പിരിയാനാകാതെ ഇരുവരും പറയുന്നു.