തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നഷ്ടമായ ജനകീയാടിത്തറ വീണ്ടെടുക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം. സുധീരനും വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി. കെപിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രമുഖ നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശും സുധീരനും ഒരുമിച്ചു നീങ്ങണമെന്നാണ് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആഗ്രഹം. ഇതുതന്നെയാണ് ഹൈക്കമാന്‍ഡിന്റെയും ആഗ്രഹം. കോണ്‍ഗ്രസ് നേതാക്കള്‍ക്കു വേണ്ട പ്രധാന ഗുണം വിട്ടുവീഴ്ചാ മനോഭാവമാണ്. ഞാനും കരുണാകരനുമൊക്കെ ഒരുപാടു വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്. പാര്‍ട്ടിയുടെ രക്ഷയ്ക്കായി ഞങ്ങള്‍ മാറിമാറി വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. വിട്ടുവീഴ്ചയില്‍ പലപ്പോഴും നഷ്ടം സംഭവിച്ചിട്ടുള്ളതു തനിക്കാണെന്നും അദ്ദേഹം പറഞ്ഞു.
1967 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്തു നേരിട്ടതിനേക്കാള്‍ രൂക്ഷമായ തകര്‍ച്ചയാണ് ഇപ്പോള്‍ നേരിടുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആവശ്യത്തിന് ജനറല്‍മാരും പടത്തലവന്മാരുമുണ്ടെങ്കിലും കാലാള്‍പ്പടയുടെ വലിയ കുറവുണ്ട്. കെ. കരുണാകരന്‍ എന്ന പടത്തലവന്റെ പിന്നില്‍ വന്‍ പടയണിയായിരുന്നു ഉണ്ടായിരുന്നത്.ഇന്ന് അവസ്ഥ മാറി. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതു താഴേത്തട്ടില്‍ നിന്നാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ബൂത്ത്– മണ്ഡലം കമ്മിറ്റികള്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കേണ്ടത്. കൂടുതല്‍ പ്രവര്‍ത്തകരെ നേതൃത്വത്തിലേക്കു കൊണ്ടുവരണം.
ജനകീയ പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും ജയിലില്‍ പോകാന്‍ വരെ തയാറുമുള്ള നേതാക്കളെയാണു പാര്‍ട്ടിക്ക് ആവശ്യം. ഇവരിലൂടെ മാത്രമേ പാര്‍ട്ടിയുടെ നഷ്ടമായ ജനകീയ പിന്തുണ വീണ്ടെടുക്കാന്‍ കഴിയൂ. കോണ്‍ഗ്രസില്‍ തലമുറ മാറ്റം എളുപ്പമല്ല. അഞ്ചു തലമുറയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളത്. ഇവരെ ഏകോപിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുക മാത്രമാണു പോംവഴിയെന്നും ആന്റണി പറഞ്ഞു.കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അധ്യക്ഷത വഹിച്ചു. തെന്നല ബാലകൃഷ്ണപിള്ള, എം.എം. ഹസന്‍, തമ്പാനൂര്‍ രവി, വി.എസ്. ശിവകുമാര്‍, ടി. ശരത്ചന്ദ്ര പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.