തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താതെ സ്ഥിരം ക്ഷണിതാവാക്കിയതിലുള്ള പ്രതിഷേധം ഹൈക്കമാൻഡിനെ അറിയിക്കാൻ രമേശ് ചെന്നിത്തല ഒരുങ്ങുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് എ.കെ.ആന്റണി.
രമേശ് ചെന്നിത്തലയ്ക്കുള്ള അതൃപ്തി കുഴപ്പമുണ്ടാക്കില്ലെന്നാണ് എ.കെ.ആന്റണി മാധ്യമങ്ങളോട് പറഞ്ഞത്. രമേശ് ചെന്നിത്തലയുടെ അതൃപ്തി സംബന്ധിച്ച് പ്രശ്നപരിഹാരമുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെയുള്ള കുഴപ്പമൊന്നുമുണ്ടാകില്ലെന്ന് ആന്റണി പ്രതികരിച്ചത്.
തന്നെ പ്രവർത്തക സമിതിയിൽ നിലനിർത്താൻ നേതൃത്വം എടുത്ത തീരുമാനത്തെക്കുറിച്ച് ആന്റണി ഒന്നും പ്രതികരിച്ചില്ല.
39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍നിന്ന് മൂന്നു നേതാക്കളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ശശി തരൂർ, കെ.സി. വേണുഗോപാല്‍, എ.കെ.ആന്റണി എന്നിവരാണ് പ്രവര്‍ത്തക സമിതിയിലേക്ക് കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും തെരഞ്ഞെടുത്തിട്ടുണ്ട്.