കളമശേരി: നവതിയുടെ നിറവിൽ നിൽക്കുന്ന ഗുരുനാഥയെ കാണാൻ എ.കെ. ആന്റണി എത്തി. ഇന്നലെ ഉച്ചയോടെയാണ് ലീലാവതി ടീച്ചർ താമസിക്കുന്ന തൃക്കാക്കരയിലെ വീട്ടിൽ എ.കെ. ആന്റണിയെത്തിയത്. തൊണ്ണൂറിലേക്ക് കടന്ന ലീലാവതി ടീച്ചറെ നേരിൽ കണ്ട് ആശംസകൾ അർപ്പിച്ചതോടൊപ്പം പൊന്നാട അണിയിച്ചും ആദരിച്ചു. കൂടാതെ ടീച്ചറുടെ സഹോദരൻ രാധാകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനവും അറിയിച്ചു.
അക്കാദമിക് രംഗത്തും സാംസ്കാരിക രംഗത്തും വ്യക്തവും ദൃഢവുമായ നിലപാടുകൾ തുടരുന്നതിനെ മുൻ പ്രതിരോധ മന്ത്രി കൂടിയായ എ.കെ. ആന്റണി പ്രശംസിച്ചു. തന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരുനാഥയെന്ന സ്ഥാനം നൽകിയിട്ടുണ്ടെന്നും യുജിസി സമരത്തിലടക്കം എടുത്ത രാഷ്ട്രീയ നിലപാടുകൾ നിശ്ചയദാർഢ്യത്തിന് തെളിവാണെന്നും ആന്റണി പറഞ്ഞു.
എന്നാൽ യുജിസി സമരത്തിൽ ഏകയായി നിന്ന തന്നെ ഒറ്റപ്പെടുത്തുകയാണ് എല്ലാവരും ചെയ്തതെന്ന് ടീച്ചർ മറുപടി നൽകി. ലീലാവതി ടീച്ചറുടെ സാഹിത്യസൃഷ്ടികൾ വറ്റാത്ത ഉറവ പോലെ തുടരട്ടെയെന്നും എ.കെ. ആന്റണി ആശംസിച്ചു.
ക്ഷണിക്കാതെയെത്തിയ അതിഥിയ്ക്ക് തന്റെ പഠന കൃതിയായ “സി. രാധാകൃഷ്ണന്റെ കഥാലോകങ്ങൾ’ ലീലാവതി ടീച്ചർ സസന്തോഷം കൈമാറി. ഗുരുനാഥ നൽകിയ ചിപ്സ് മധുരമില്ലാത്ത കട്ടൻ ചായയോടൊപ്പം കഴിച്ച ശേഷമാണ് എ.കെ. ആന്റണി മടങ്ങിയത്. ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ്, കളമശേരി നഗരസഭ ചെയർപേഴ്സൺ ജെസി പീറ്റർ തുടങ്ങിയവരും ആന്റണിയോടൊപ്പം ഉണ്ടായിരുന്നു.