പാലക്കാട്: അധികാര ദുർവിനിയോഗമാണു കേന്ദ്രസർക്കാർ നടത്തുന്നതെന്നും ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം എ.കെ ആന്റണി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ കെപിസിസി ആഹ്വാനം ചെയ്ത കർഷക രക്ഷാസമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വർഗീയ ശക്തികൾക്കു കൂട്ടുപിടിച്ചു സ്വതന്ത്ര ഇന്ത്യയെ വേറിട്ടൊരു മാർഗത്തിലൂടെ നയിക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. രണ്ടാം സ്വാതന്ത്ര്യസമരത്തിന് എല്ലാവരും തയാറാവേണ്ട സ്ഥിതിവിശേഷമാണു നിലനിൽക്കുന്നത്. കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടുനിന്നു വലിയൊരു പ്രക്ഷോഭത്തിനാണു കോണ്ഗ്രസ് നേതൃത്വം നൽകുന്നത്.
കർഷകർക്കെതിരെയുള്ള ഏതു നിലപാടിനോടും കോണ്ഗ്രസ് എതിരാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരുക ളാണു കേന്ദ്രവും കേരളവും ഭരിക്കുന്നത്. അഴിമതി ഭരണമാണ് ഇപ്പോൾ നടക്കുന്നതെന്നും, അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളെ പിടിച്ചുകെട്ടാൻ ഈ സർക്കാർ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കെപിസി സി പ്രസിഡന്റ് എം.എം. ഹസൻ അധ്യക്ഷനായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ, കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടി, ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ, മുൻ എം പി വി.എസ്. വിജയരാഘവൻ, ഡിസിസി മുൻ പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, മുൻമന്ത്രി വി.സി. കബീർ, നേതാക്കളായ എൻ.കെ. സുധീർ, എ. രാമസ്വാമി, സി. ചന്ദ്രൻ, സി.പി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.