കൊച്ചി: ആരാധനാലയങ്ങൾ കോടികൾ ചെലവിട്ടുള്ള ആർഭാടങ്ങൾ അവസാനിപ്പിക്കണമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഓരോ ദിവസവും കണക്കറ്റ സമ്പത്താണു പല ആരാധനാലയങ്ങളിലും എത്തുന്നത്. ഇതു നല്ല കാര്യങ്ങൾക്കായാണോ വിനിയോഗിക്കുന്നതെന്നു പരിശോധിക്കണം.
ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. എയർ കണ്ടീഷൻ ചെയ്തതും കോടികൾ ചെലവാക്കി കെട്ടിപ്പൊക്കുന്നതുമായ ആരാധനാലയങ്ങൾ ആവശ്യമില്ല. ഇങ്ങനെ ചെലവാക്കുന്ന സമ്പത്ത് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.വി. തോമസ് ട്രസ്റ്റിന്റെ വിദ്യാപോഷണം പോഷകസമൃദ്ധം പദ്ധതിയുടെ 14-ാം വർഷത്തെ പ്രവർത്തനങ്ങൾ എറണാകുളം പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്ന ആളുകൾ കേരളത്തിൽ കൂടുതലാണ്. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ഏതു സർക്കാരുകൾ ഭരിച്ചാലും ജനങ്ങളുടെ എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കില്ല. ഇത് അത്യാവശ്യമാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൈമറന്നു സഹായിക്കുന്നവർ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം പുരോഗതിയിലേക്കു കുതിക്കുന്പോൾ ചിലരുടെ കൈയിൽ കുമിഞ്ഞു കൂടുന്ന പണത്തിനു കണക്കില്ല. 14 വർഷമായി കേരളത്തിൽ മാതൃകാപരമായ പ്രവർത്തനമാണു കെ.വി. തോമസ് ട്രസ്റ്റ് നടത്തുന്നത്. ട്രസ്റ്റിന്റെ വളർച്ച സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ നേട്ടങ്ങളുണ്ടാക്കും. വിദ്യാർഥികൾക്കു ഗുണകരമായ നിരവധി മേഖലകളിൽ ട്രസ്റ്റിന്റെ പ്രവർത്തനം എത്തുന്നുണ്ടെന്നും ആന്റണി പറഞ്ഞു.