
തിരുവനന്തപുരം: മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി എ.കെ. ബാലൻ.
ശിവശങ്കറിനെ അന്വേഷണ ഏജൻസികൾ പ്രതിചേർക്കുന്നതിനോട് ആർക്കും ഒരു ബുദ്ധിമുട്ടുമില്ലെന്നും ഏതു സർക്കാരിന് കീഴിലും ഇങ്ങനെയുള്ള ഉദ്യോഗസ്ഥരുണ്ടെന്നും ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറയുന്നതിന് മുൻകാല പ്രാബല്യം കൊടുത്ത് കഴിഞ്ഞാൽ ആദ്യം രാജിവയ്ക്കേണ്ടത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്.
ജിക്കുമോനേയും ജോപ്പനേയും ഫിറോസിനേയും എന്തുകൊണ്ടാണ് ഉമ്മൻചാണ്ടിക്ക് മനസിലാകാതെ ഇരുന്നത്. ഗർഭപാത്രത്തിലുള്ളപ്പോൾ ഒരാളുടെ നക്ഷത്രം നോക്കിയെടുക്കാൻ പറ്റുമോയെന്നും മന്ത്രി ചോദിച്ചു.
കാണാമറയത്ത് പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്ന എല്ലാ നടപടികളോടും സർക്കാർ സഹകരിക്കും. സർക്കാരിന് യാതൊരു തിരിച്ചടിയുമില്ല.
എല്ലാ കാര്യങ്ങളും കോടതിയിൽ വിചാരണയിൽ ഇരിക്കുകയാണ്. കോടതി അതൊക്കെ തീരുമാനിക്കട്ടെ. സ്വർണക്കടത്ത് കേസിൽ അന്വേഷണ ഏജൻസികൾക്കെല്ലാം പരിപൂർണ സഹായമാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.