തിരുവനന്തപുരം: പാലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന മുസ് ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. ലീഗിന്റെ നിലപാട് ശ്ലാഘനീയമാണെന്നും ഇ.ടി. മുഹമ്മദ് ബഷീറിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശക്തമായ രാഷ്ട്രീയ തീരുമാനമാണ് മുസ് ലിം ലീഗ് എടുത്തിട്ടുള്ളതെന്ന് എ.കെ. ബാലൻ അഭിപ്രായപ്പെട്ടു. ഇത് കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ലീഗ് കോൺഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്ന് പ്രകടമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോൺഗ്രസിന്റെ തെറ്റായ നയങ്ങളെ ലീഗ് തിരുത്തുന്നുവെന്നും എ.കെ. ബാലൻ വ്യക്തമാക്കി.
പാലസ്തീൻ വിഷയത്തിൽ ആര്യാടൻ ഷൗക്കത്ത് സെമിനാർ സെമിനാർ സംഘടിപ്പിക്കുന്നതിനെ പോലും കോൺഗ്രസ് എതിർക്കുകയാണ്. കോൺഗ്രസ് സമീപനത്തോട് യോജിക്കാനാവാത്ത സാഹചര്യമാണ് ലീഗിൽ വന്നു ചേർന്നിട്ടുള്ളതെന്നും എ.കെ.ബാലൻ പറഞ്ഞു.
കേരളീയത്തിനായി ചെലവാക്കുന്ന പണം നിക്ഷേപമാണെന്ന് എ.കെ. ബാലൻ പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി എത്ര വരുമാനം നേടാനാവുമെന്ന് ഇനിയുള്ള ഘട്ടങ്ങളിൽ കാണാൻ സാധിക്കും. സ്കൂൾ കലോത്സവം, കായിക മത്സരം എന്നിവ ധൂർത്താണെന്ന് ആരെങ്കിലും പറയാറുണ്ടോ എന്നും എ.കെ ബാലൻ ചോദിച്ചു.