കോഴിക്കോട്: പട്ടികജാതി പട്ടികക്ഷേമ മന്ത്രി എ.കെ. ബാലൻ സിഎസ്ഐ മലബാർ മഹാ ഇടവക ബിഷപ് ഡോ. റോയിസ് മനോജ് വിക്ടറുമായി കോഴിക്കോട് ബിഷപ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.
സിഎസ്ഐ മലബാർ മഹാഇടവക ഭാഗമായ ബാസൽ മിഷൻ സ്ഥാപിച്ച സഭകളിലെ ജനങ്ങൾക്ക് അർഹമായ എസ്ഐയുസി (സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച്) സംവരണം ലഭിക്കണമെന്ന് ബിഷപ് മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം മന്ത്രിക്ക് സമർപ്പിച്ചു. മലബാർ മഹാഇടവക ശ്രദ്ധയിൽ കൊണ്ടുവന്ന കാര്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
സിഎസ്ഐ വിഭാഗത്തിന് മുമ്പു ലഭിച്ചിരുന്ന തൊഴിൽ സംവരണം ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രിക്ക് നിവേദനം നൽകിയതെന്ന് ബിഷപ് പറഞ്ഞു. യോഗത്തിൽ മഹാഇടവക ട്രഷറർ ഡെസ്മണ്ട് ബാബു, ഭദ്രാസന പള്ളി വികാരി ടി.ഐ. ജയിംസ്, പാസ്റ്ററേറ്റ് കമ്മിറ്റി സെക്രട്ടറി ഡോ. ഒലിവർ നൂൺ, മലബാർ ക്രിസ്ത്യൻ കോളജ് മാനേജർ ജയപാൽ സാമുവൽ സക്കായി, സഭാ വർക്കിഗ് കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.