വിദ്യാഭ്യാസവായ്പ തിരിച്ചടക്കാന്‍ 1000 കോടി വകയിരുത്തുമെന്ന് മന്ത്രി എ.കെ ബാലന്‍

FB-AK-BALAN

പാലക്കാട്: വിദ്യാഭ്യാസത്തിനായി വായ്പയെടുത്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് വായ്പ തിരിച്ചടക്കാനായി സര്‍ക്കാര്‍ ആയിരം കോടി ധനസഹായം വകയിരുത്തുമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമ സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.  പെരിങ്ങോട്ടുകുറുശ്ശി ബമ്മണ്ണൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു മന്ത്രി. വിദ്യാഭ്യാസ വായ്പയുടെ പേരില്‍ ഒരു രക്ഷിതാവിനും റവന്യു റിക്കവറി നടപടികള്‍ നേരിടേണ്ടി വരില്ലെന്നും, വായ്പയെടുത്ത തുകയില്‍ കൂടുതല്‍ പലിശ ഈടാക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്ക്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.

സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലി മണ്ഡലങ്ങളിലെയും ഒരു സ്ക്കൂള്‍ വീതം അഞ്ചു കോടി ചെലവില്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ യും അധ്യാപകരുടെയും നിലവാരം ഉയര്‍ത്താന്‍ സാങ്കേതിക വിദ്യയുടെ സഹായം തേടും. കരിക്കുലം പരിഷ്ക്കരണം സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും എല്ലാ വിദ്യാലയങ്ങളിലും പെണ്‍ സൗഹൃദ ശുചിമുറികള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഒന്നുമുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം, വിദ്യാര്‍ത്ഥികള്‍ക്കും സ്കൂള്‍ പാചക തൊഴിലാളികള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ്, എല്ലാ സ്കൂളിലും കംപ്യൂട്ടര്‍ ലാബ്, അസംബ്ലി മണ്ഡലത്തിലെ ഒരു സ്കൂളില്‍ നീന്തല്‍ കുളം, കലാ-കായിക നൈപുണ്യ വികസനത്തിന് ആശ്വാസ് പദ്ധതി എന്നിവയും സര്‍ക്കാര്‍ നടപ്പിലാക്കും.

സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 50 ലക്ഷം രൂപ ചെലവിട്ടാണ് നാല് ക്ലാസ്മുറികളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ബമ്മണ്ണൂര്‍ ഗവണ്മെന്റ് ഹൈസ്ക്കൂളില്‍ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും യു.പി. വിഭാഗം പ്രധാന അധ്യാപികയുമായ വി.എസ് രമണിയെ  മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി അദ്ധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനുമോള്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അനിതാനന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് ബാബു, പ്രധാനാധ്യാപിക എം.കെ. ഉമാദേവി, വേണുഗോപാലന്‍, ഷാഹുല്‍ ഹമീദ്, സുന്ദരപ്പതിയാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts