പാലക്കാട്: മഴക്കെടുതിയിൽ വീട് പൂർണമായി തകർന്നവർക്ക് പുതിയ വീട് ലഭ്യമാക്കുന്നതുവരെ താമസിക്കാൻ ബദൽ സംവിധാനം ഒരുക്കുമെന്ന് പട്ടികജാതി വർഗ, പിന്നോക്ക, നിയമ, സാംസ്കാരിക, പാർലമെന്ററികാര്യമന്ത്രി എ.കെ.ബാലൻ പറഞ്ഞു. ക്യാന്പിൽനിന്നും ഇവരെ മാറ്റി വീടു ലഭ്യമാക്കുന്നതുവരെ താമസിപ്പിക്കാനുള്ള സ്ഥലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്ന് തൃത്താല റസ്റ്റ് ഹൗസിൽ ചേർന്ന മഴക്കെടുതി അവലോകനയോഗത്തിൽ മന്ത്രി നിർദേശിച്ചു.
വീടു നഷ്ടമായവർക്ക് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീടുവച്ച് നല്കും. അതിന് കഴിയാത്തവർക്ക് ഏകീകൃത സ്വഭാവത്തോടെ വീടുവച്ചു നല്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിന്റെ ഫണ്ടുകൾ ഉപയോഗിക്കാമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.
ക്യാന്പുകളിൽ കഴിയുന്നവർക്ക് കൃത്യമായി ഭക്ഷണവും മരുന്നും ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം.
ക്യാന്പിൽനിന്നും സ്വന്തം വീട്ടിലല്ലാതെ താമസിക്കുന്നവർക്കും ആവശ്യമെങ്കിൽ ഭക്ഷണം കൊടുക്കണം. നക്കര പഞ്ചായത്ത് ആരോഗ്യകേന്ദ്രത്തിൽ ആവശ്യമെങ്കിൽ ശിശുരോഗ വിദഗ്ധന്റെ സേവനം ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടു.
ക്യാന്പിൽനിന്നും വീടുകളിലേക്ക് പോകുന്നവർ മുൻകരുതൽ എടുക്കണം. മഴമാറിയാലും രണ്ടുദിവസം കൂടി ക്യാന്പിൽ കഴിയുന്നതാണ് ഉചിതമെന്നും മന്ത്രി പറഞ്ഞു. വി.ടി. ബൽറാം എംഎൽഎ, സബ് കളക്ടർ ജെറോമിക് ജോർജ്, തഹസി ൽദാർമാർ, വില്ലേജ് ഓഫീ സർമാർ ഉൾപ്പ ടെയുള്ള ഉദ്യോഗസ്ഥരും ജന പ്രതിനി ധികളും പങ്കെടുത്തു.