വി. ശ്രീകാന്ത്
സിനിമകളിൽ നായകനൊപ്പം കുറച്ച് കൂട്ടുകാരും കാണും. ഇവരായിരിക്കും ചിരിക്കും അടിക്കുമുള്ള വകുപ്പെല്ലാം ഒപ്പിക്കുന്നത്. ഇവരിലൂടെ നായകന്റെ ഉള്ളിലിരിപ്പും മനസിലാക്കാൻ എളുപ്പമായിരിക്കും.
വരെയെല്ലാം കണ്ട് രസിക്കാറുള്ള പ്രേക്ഷകർ ഇന്നലെ കേരള രാഷ്ട്രീയത്തിലെ നായകനെ നെഞ്ചോട് ചേർക്കുന്ന മറ്റൊരാളെ കൂടി കണ്ടു. സാക്ഷാൽ എ.കെ.ബാലൻ.
ജനങ്ങൾ തങ്ങളെ നയിക്കാനായി മുഖ്യമന്ത്രിപദം നൽകി കയറ്റിവിട്ട പിണറായി വിജയനെതിരെയുള്ള ചോദ്യങ്ങൾക്കെതിരെയാണ് ബാലൻ പൊട്ടിത്തെറിച്ചത്.
ആ പൊട്ടിത്തെറി കണ്ട ജനങ്ങൾക്ക് ഇത് ഇത്തിരി ഓവറായി പോയില്ലേയെന്നാണ് തോന്നിയത്. എന്തായാലും ഈ പൊട്ടിത്തെറിയോടു കൂടി ഭരണനായകന് എന്തോ മറച്ച് വയ്ക്കാനുണ്ടെന്നുള്ള ചർച്ചകൾ വീണ്ടും ശക്തി പ്രാപിച്ചിരിക്കുക യാണ്.
മനസില്ല ഒന്നിനും
എഐ കാമറ വിവാദം കത്തിനിൽക്കുന്ന സമയത്ത് സിപിഎം നേതാക്കളോട് അതെ കുറിച്ച് ചോദിച്ചാൽ ഹാലിളകുമല്ലോ. അതേരീതിയിലുള്ള ഹാലിളകലാണ് ഇന്നലെ എ.കെ.ബാലനിൽ നിന്നും ഉണ്ടായത്.
കാമറ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയാത്തത് എന്തെന്നുള്ള ചോദ്യത്തിന് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കാൻ മനസില്ലായെന്നായിരുന്നു എ.കെ.ബാലന്റെ മറുപടി.
പെട്രോളിന്റെ പേരിൽ ജനങ്ങളെ പിഴിയാൻ മനസുണ്ട്… വീട്ടുകരം കൂട്ടാൻ മനസുണ്ട്… വെള്ളക്കരം കൂട്ടാൻ മനസുണ്ട്… വൈദ്യുത ബിൽ കൂട്ടാൻ മനസുണ്ട്…
പക്ഷേ വിവാദങ്ങളോട് ചങ്കുറപ്പോടെ മറുപടി പറയാൻ മനസില്ലായെന്ന് പറയുന്പോൾ ഇനി വരും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തങ്ങൾക്കും മനസില്ലായെന്ന് മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾ തീരുമാനിച്ചാൽ ബാലന്റെ പാർട്ടി മൊത്തത്തിൽ പെട്ടു പോകും.
മാധ്യമങ്ങളെ ബോധിപ്പിക്കാനല്ല തങ്ങളെ ബോധിപ്പിക്കാനെങ്കിലും മുഖ്യമന്ത്രി കാമറ വിവാദത്തിൽ എന്തെങ്കിലും ഒന്ന് മൊഴിയണമെന്നാണ് ജനപക്ഷം.
ന്യായങ്ങൾ ഏശണില്ലല്ലോ…
മുഖ്യമന്ത്രിക്കെതിരേ എത്ര എത്ര കേസുകൾ,ആരോപണങ്ങൾ… എന്നിട്ട് വല്ലതും തെളിഞ്ഞോ ഇല്ലല്ലോ… അപ്പോൾ പിന്നെ പുതിയ വിവാദത്തിന് മറുപടി പറയേണ്ട എന്ന മട്ടാണ് ഭരണപക്ഷത്തിന്.
അഴിമതി ആരോപണത്തിൽ മുഖ്യന് ഉത്തരം മുട്ടുന്പോൾ പഴയ കാര്യങ്ങളുടെ കെട്ടഴിച്ച് അതുവഴി രക്ഷപ്പെടുക എന്ന തന്ത്രമല്ലേ ഇപ്പോൾ നേതാക്കന്മാർ പ്രയോഗിക്കുന്നതെന്ന് ജനത്തിന് തോന്നി തുടങ്ങിയിട്ടുണ്ട്.
എഐ കാമറയെ ചുറ്റിപറ്റി വളഞ്ഞിട്ട് ഭരണപക്ഷത്തെ പ്രതിപക്ഷം ആക്രമിക്കുന്പോഴും ഭരണത്തലവൻ ഞാനൊന്നും അറിഞ്ഞിട്ടില്ല രാമനാരായണ എന്ന ഭാവം സ്വീകരിച്ച് ഇപ്പോഴും മറുപടിയില്ലാ മടയിൽ സുഖമായി ഉറങ്ങുകയാണ്.
ഇത്തരം അഴിമതി ആരോപണങ്ങളുടെ അലയൊലികൾക്കുള്ള മറുപടി തനിക്ക് ചുറ്റുമുള്ള നേതൃ വലയത്തെ കൊണ്ട് പറയിച്ച് പറയിച്ച് മുഖ്യൻ മുങ്ങിക്കളി തുടരുകയാണ്. ഈ മുങ്ങിക്കളിക്ക് എന്നൊരു അവസാനം ഉണ്ടാകുമെന്ന് കാത്തിരിക്കുകയാണ് ജനങ്ങൾ.
മറുപടിയില്ല അത്രതന്നെ…
മറുപടി പറയാതെ ഇരിക്കുക എന്നതാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ലൈൻ. അതിന് നല്ലവണ്ണം സ്വീകാര്യത കിട്ടുന്നുണ്ടെന്ന ധാരണയാണ് ഭരണപക്ഷത്തിനുള്ളതെന്ന കാര്യം ബാലന്റെ മറുപടിയിൽനിന്നും വ്യക്തം.
ഇവരുടെ പ്രതികരണം കേട്ടാൽ തോന്നും എഐ കാമറ പദ്ധതി ജനങ്ങൾ ആവശ്യപ്പെട്ട് ജനങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണെന്ന്. പക്ഷേ അങ്ങനെയല്ലല്ലോ കാര്യങ്ങൾ.
ജനങ്ങളെ നല്ലനടപ്പ് പഠിപ്പിക്കാൻ മുഖ്യന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത പദ്ധതിയാണല്ലോ ഇത്. ആ പദ്ധതി തിരിഞ്ഞ് കൊത്തിയപ്പോൾ പ്രതിപക്ഷവും മാധ്യമങ്ങളും ഭരണപക്ഷത്തിന് എതിരെ തിരിയുക സ്വഭാവികം മാത്രം.
അഴിമതി ആരോപണങ്ങൾ വരുന്പോൾ അതിനെതിരെ മുഖം തിരിയ്ക്കുന്ന മുഖ്യൻ എത്രനാൾ ഈ നിലപാട് തുടരുമെന്ന് കണ്ടുതന്നെ അറിയേണ്ട കാര്യമാണ്. ..!