തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) നടപ്പാക്കുമ്പോള്‍ നേരിട്ടുളള നിയമനത്തിന് സംവരണം ഉറപ്പാക്കുമെന്ന് നിയമമന്ത്രി എ.കെ ബാലന്. ഗസ്റ്റഡ്, നോണ്‍ ഗസ്റ്റഡ് വിഭാഗങ്ങളിലും സംവരണം ഉറപ്പാക്കും. ഇതിനായി ചട്ടത്തില്‍ ഭേദഗതി വരുത്തും. ആര്‍ക്കും ആശങ്കവേണ്ടെന്നും ബാലൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സാമ്പത്തിക സംവരണം നടപ്പാക്കാനായി ചട്ടങ്ങൾ തയാറാക്കി തുടങ്ങിയതായും അറിയിച്ചു. സാമ്പത്തിക സംവരണത്തിനുളള ക്രീമിലെയർ പരിധി ഇടതുമുന്നണി തീരുമാനിക്കും. ഈ വരുമാനപരിധി എട്ട് ലക്ഷത്തിൽ താഴെയായിരിക്കും. മുന്നോക്ക സമുദായങ്ങളിലെ താഴെത്തട്ടിലുളള പാവപ്പെട്ടവര്‍ക്കായിരിക്കും സാമ്പത്തിക സംവരണം. അവര്‍ക്കുളള ആനുകൂല്യം തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.