തിരുവനന്തപുരം: ലോക്കൽ പോലീസിന് അതേ ജില്ലയിലെ എംഎൽഎയെ അറിയില്ലേയെന്നു മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ . എറണാകുളത്ത് എംഎൽഎ അടക്കമുള്ള സിപിഐ നേതാക്കളെ പോലീസ് മർദിച്ച സംഭവത്തിലെ പ്രതിഷേധം മന്ത്രിസഭാ യോഗത്തിൽ രേഖപ്പെടുത്തവേയാണ് സിപിഐ മന്ത്രിമാർ പോലീസ് നടപടിക്കെതിരേ ആഞ്ഞടിച്ചത്.
മൂവാറ്റുപുഴ എംഎൽഎ എൽദോ ഏബ്രാഹാമിനു നേരേയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ ജില്ലാ കളക്ടറുടെ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നടപടി സ്വാഗതാർഹമാണെന്നു പറഞ്ഞു മന്ത്രി ഇ. ചന്ദ്രശേഖരനാണു വിമർശനങ്ങൾക്കു തുടക്കം കുറിച്ചത്. അടി കൊള്ളുമെന്ന പ്രതീക്ഷയിലാണ് നമ്മളൊക്കെ സമരത്തിനു പോകുന്നത്. ആംഡ് പോലീസോ കേന്ദ്രസേനയോ അല്ല, ലോക്കൽ പോലീസാണ് എറണാകുളത്ത് ലാത്തിച്ചാർജിനു നേതൃത്വം നൽകിയത്.
എംഎൽഎയേയോ ഭരണകക്ഷിയിൽപ്പെട്ട സിപിഐ ജില്ലാ സെക്രട്ടറിയേയോ തിരിച്ചറിയാത്ത ലോക്കൽ പോലീസാണോ ആ ജില്ലയിലുള്ളത്. കൈയിലടിക്കുകയും കുതിരയടിക്കുകയുമൊക്കെ ചെയ്യുന്ന പോലീസ് ക്രൂരത കമ്യൂണിസ്റ്റുകാർക്ക് അറിയാം. അതൊക്കെ പ്രതിപക്ഷത്തിരിക്കുമ്പോഴായിരുന്നെന്നും ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
ഇതോടെ ഭൂരിഭാഗം സിപിഎം മന്ത്രിമാരടക്കം പോലീസ് ലാത്തിച്ചാർജിനെ എതിർത്തുകൊണ്ടു രംഗത്തെത്തി. എംഎൽഎയെ മർദിച്ച പോലീസ് നടപടി ശരിയായില്ലെന്നു സിപിഎം മന്ത്രിമാരിൽ ചിലർ പറഞ്ഞു. ഇതോടെ മന്ത്രി എ.കെ. ബാലൻ രംഗത്തെത്തി. ഭരണത്തിൽ ഇരിക്കുമ്പോൾ സമരം നടത്തുന്നതു സൂക്ഷിച്ചു വേണമെന്നായിരുന്നു ബാലന്റെ നിലപാട്.
സമരം അക്രമാസക്തമായാൽ ഭരണപക്ഷമാണോ പ്രതിപക്ഷമാണോ എന്നു നോക്കാതെ പോലീസ് ചിലപ്പോൾ അടിച്ചെന്നിരിക്കുമെന്നും ബാലൻ പറഞ്ഞു. ഇതോടെ സിപിഐ മന്ത്രിമാരായ വി.എസ്. സുനിൽകുമാറും പി. തിലോത്തമനും പ്രതിരോധവുമായി രംഗത്തെത്തി. ആരെയും മർദിക്കാമെന്നാണോ പോലീസ് ഉദ്ദേശിക്കുന്നതെന്ന് ഇവർ ചോദിച്ചു.
ഇതോടെ മുഖ്യമന്ത്രി ഇടപെട്ടു. വിഷയത്തിൽ ജില്ലാ കളക്ടറുടെ അന്വേഷണം നടന്നു വരികയാണല്ലോ. റിപ്പോർട്ട് ലഭിച്ചശേഷം നടപടി തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.