ആലത്തൂർ: വിഷുവിന്റെ ഭാഗമായി സംസ്ഥാനത്താകെ ആറായിരം കോടിയുടെ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുമെന്ന് നിയമ,സാംസ്കാരിക. പിന്നോക്കക്ഷേമമന്ത്രി എ.കെ.ബാലൻ.
ആലത്തൂർ ദേശീയമൈതാനത്ത് നിർമിച്ച ഓപ്പണ്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിമാസം 1100 രൂപ നിരക്കിൽ മുഴുവൻ കുടിശിക തുകയും ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും.
സിവിൽസപ്ലൈസ് വകുപ്പിനേയും സഹകരണ വകുപ്പിനേയും ഏകോപിപ്പിച്ച് വിഷുവിപണിയിലെ വിലനിയന്ത്രിക്കാനായി. ബജറ്റ് പ്രവൃത്തികൾ കൂടാതെ കിഫ്ബിയുടെ ധനസഹായത്തോടെ അന്‍പതിനായിരം കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കും. പതിനഞ്ചുകോടി ചെലവിൽ നിർമിക്കുന്ന ആലത്തൂർ ബൈപാസ് റോഡ് നിർമാണം ഉടനേ തുടങ്ങും.
മന്ത്രിസഭയുടെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി മേയ് അവസാനത്തോടെ നിരവധി പദ്ധതികൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.കെ.ഡി.പ്രസേനൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവിട്ടാണ് ഓഡിറ്റോറിയം നിർമിച്ചത്.
കെ.ഡി.പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് സി.കെ.ചാമുണ്ണി, മുൻ എംഎൽ എ വി.ചെന്താമരാക്ഷൻ എന്നിവർ മുഖ്യാതിഥികളായി.ജില്ലാ പഞ്ചായത്തംഗം മീനാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ടി.ജി.ഗംഗാധരൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.