തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണം സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യമെന്ന് മന്ത്രി എ.കെ. ബാലൻ. പരാതിക്കാരിയുടെ പാർട്ടിയിലുള്ള വിശ്വാസം കാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനതല അന്വേഷണത്തിൽ പരാതിക്കാരിക്ക് അസംതൃപ്തിയുണ്ടെങ്കിൽ മറ്റു മാർഗങ്ങൾ തേടാമെന്നും അതിന് പാർട്ടിയുടെയും സർക്കാരിന്റെയും പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമമന്ത്രി അന്വേഷണ കമ്മീഷന്റെ ഭാഗമാകുന്നതിൽ തെറ്റില്ല. പാർട്ടി ഏൽപ്പിക്കുന്ന ചുമലകൾ കൂടി നിർവഹിക്കുന്നതിൽ തെറ്റില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. ബാലൻ ഉൾപ്പെട്ട അന്വേഷണ കമ്മീഷനെയാണ് ശശിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ സിപിഎം നിയോഗിച്ചത്.