തിരുവനന്തപുരം: എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീലയെ തരൂരിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കം സിപിഎം സംസ്ഥാന നേതൃത്വം ഉപേക്ഷിച്ചു.
പാലക്കാട് ജില്ലാ നേതൃത്വത്തിന്റെയും താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും ശക്തമായ എതിർപ്പ് കണക്കിലെടുത്താണ് ജമീല മത്സരിക്കേണ്ടെന്ന നിലപാടിൽ സംസ്ഥാന സെക്രട്ടറിയേറ്റ് എത്തിയത്.
ജമീലയ്ക്ക് പകരം പി.പി.സുമോദ് തരൂരിൽ എൽഡിഎഫിനായി ജനവിധി തേടും.
ബാലൻ മാറുന്ന ഒഴിവിൽ ജമീല സ്ഥാനാർഥിയാകുന്നത് ജില്ലയിലുടനീളം അണികൾക്കിടയിലും പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലും കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു.
ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശം മറികടന്ന് സംസ്ഥാന നേതൃത്വമാണ് ജമീലയുടെ പേര് തരൂർ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
എന്നാൽ പലയിടത്തും എതിർപ്പ് പരസ്യമായതോടെ സംസ്ഥാന നേതൃത്വം തീരുമാനത്തിൽ നിന്നും പിന്നോട്ടുപോവുകയായിരുന്നു.