തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ ഹണി ട്രാപ്പിൽ കുടുക്കിയെന്ന് കരുതുന്ന യുവതിയെ കണ്ടെത്താൻ പോലീസിന്റെ ഉൗർജ്ജിത ശ്രമം. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇവരുടെ വീടുൾപ്പടെ രഹസ്യന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.
ഇവർ മന്ത്രിയെ വിളിക്കാനുപയോഗിച്ച ഫോണുൾപ്പടെ സ്വിച്ച് ഓഫാണ്. ഇവർ ഉപയോഗിക്കുന്ന രണ്ടാമത്തെ നന്പർ അടുത്ത ദിവസം വരെ ഓണായിരുന്നു. തലസ്ഥാനത്ത് തന്നെയുള്ള മൊബൈൽ ടവറിന് കീഴിൽ ഇവരുടെ രണ്ടാമത്തെ നന്പറുണ്ടായിരുന്നു. യുവതിയെ തിരിച്ചറിയുകയും ഇവരുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലടക്കം വ്യപകമായി പ്രചരിക്കുകയും ചെയ്ത സാഹചര്യത്തിൽ യുവതിയുടെ ഫോണ് സ്വിച്ച് ഓഫാക്കുകയും ഫെയ്സ്ബുക്ക് അക്കൗണ്ടടക്കം ഡി ആക്ടീവേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
യുവതിയ കണ്ടെത്താൻ യുവതി വിളിച്ചതും യുവതിയെ അവസാനം വിളിച്ചതുമായ ഫോണ് വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. യുവതിയെ ചാനലുമായി ബന്ധപ്പെട്ടവർ തന്നെ മാറ്റിയതാണെന്ന വാദവും ശക്തമാണ്. സംഭവം വലിയ വിവാദമായിട്ടും പരാതിക്കാരി രംഗത്ത് വരാത്ത സാഹചര്യത്തിൽ ഹണി ട്രാപ്പ് എന്ന് ഉറപ്പിച്ച് തന്നെയാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്.
ഹണിട്രാപ്പാണെന്ന് തെളിഞ്ഞാൽ ഏതൊക്കെ വകുപ്പനുസരിച്ച് കേസെടുക്കാമെന്ന് നിയമോപദേശം അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പരാതി നൽകിയാൽ കേസെടുക്കുന്ന കാര്യം ഡി.ജി.പി മുതിർന്ന പോലീസ് ഉദ്യോസ്ഥരുമായി ചർച്ച ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലും ചാനൽ പ്രവർത്തകർക്കെതിരെ കേസെടുക്കാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ഇവരെ രക്ഷിക്കാനുള്ള ശ്രമം പോലീസിൽ നിന്ന് തന്നെ ഉണ്ടാകുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.
ഉന്നത പോലീസ് ഉദ്യോസ്ഥരുമായി അടുത്ത ബന്ധമുള്ളവരായതിനാൽ ഇവരെ രക്ഷിക്കാനുള്ള നീക്കം ഉണ്ടാവുമെന്ന് അറിയാവുന്നതു കൊണ്ടാണ് മുഖ്യമന്ത്രി തന്നെ ഇടപെട്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.
സംഭവം ഹണിട്രാപ്പാണെങ്കിൽ ഒരു തരത്തിലുമുള്ള സഹായവും ചാനൽ പ്രവർത്തകർക്ക് പോലീസിൽ നിന്ന് ലഭിക്കരുതെന്നും അങ്ങനെ ഉണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്നുള്ള മുന്നറിയിപ്പും ആഭ്യന്തര വകുപ്പിൽ നിന്ന് പോയിട്ടുണ്ട്.