തിരുവനന്തപുരം: മാണി സി. കാപ്പൻ മുന്നണി വിടുമെന്നുളള പ്രചാരണത്തെ നിഷേധിച്ചു മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതു സംബന്ധിച്ച മാധ്യമറിപ്പോർട്ടുകൾ മാധ്യമ സൃഷ്ടിയാണെന്നും അത്തരമൊരു ചർച്ചയും പാർട്ടിയിലോ മുന്നണിക്കകത്തോ വ്യക്തിപരമായോ നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഒരു ഡിമാൻഡാണ്.
എൻസിപി എൽഡിഎഫിൽ വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന ഘടക കക്ഷിയാണ്. പാലാ സീറ്റ് എൽസിപിക്കു വേണമെന്നത് അവരെ സംബന്ധിച്ച് തർക്ക വിഷയമേ അല്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നു മാണി സി. കാപ്പൻ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൂട്ടായ പ്രവർത്തനവും സർക്കാർ ചെയ്ത നല്ല പ്രവർത്തനങ്ങളുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കാഴ്ച വെക്കാൻ കാരണമായത്.
പാലാ നിയോജക മണ്ഡലത്തിൽ തനിക്ക് കിട്ടിയ ഭൂരിപക്ഷം ഇത്തവണ കേരള കോണ്ഗ്രസിന് കിട്ടിയിട്ടില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.
നിയമസഭയിൽ ഇടതുമുന്നണി സീറ്റ് തരില്ലെന്നു തന്നോട് പറഞ്ഞിട്ടില്ല. അങ്ങനെയൊരു ചർച്ച നടന്നിട്ടില്ല. പിന്നെ ഉൗഹാപോഹങ്ങൾ ആർക്കും പറയാം. എൻസിപി കോണ്ഗ്രസിനോടടുക്കുന്നു എന്ന വാദം തെറ്റാണ്. എം.എം. ഹസനുമായി സംസാരിച്ചിട്ട് പോലുമില്ല.
പാർട്ടിക്ക് നൽകിയ പരിഗണന കുറവായി പോയെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ പറഞ്ഞു. പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.