കോഴിക്കോട് : സീറ്റ് വിഭജനത്തില്‍ ആടിയുലയുന്ന എന്‍സിപിയില്‍ പ്രതിസന്ധി രൂക്ഷം. മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്ന നിലപാടുമായി എ.കെ.ശശീന്ദ്രന് ഉറച്ചു നില്‍ക്കുമ്പോഴും യുഡിഎഫിനൊപ്പം നില്‍ക്കാനുള്ള നീക്കത്തിലാണ് മാണി സി കാപ്പന്.
ഇതുസംബന്ധിച്ചു നേതാക്കളുടെ പ്രതികരണങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും അന്തിമതീരുമാനം സംബന്ധിച്ച് ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുകയാണ്. അടുത്താഴ്ച ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ കേരളത്തില്‍ എത്തുന്നുണ്ട്.
തുടര്‍ന്ന് മുന്നണി മാറ്റത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. പ്രതിസന്ധികള്‍ക്കിടിയിലും ഇടതിനൊപ്പം നില്‍ക്കുമെന്ന ഉറച്ച ശബ്ദത്തിലാണ് മന്ത്രി എ.കെ.ശശീന്ദ്രന്. നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് മന്ത്രി രാഷ്ട്രദീപികയോട് …
കേന്ദ്രനേതാക്കളുമായി ചര്‍ച്ചയുണ്ടോ ?
തെരഞ്ഞെടുപ്പ് വരാനിരിക്കെ കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തും. അത് എല്ലാ പാര്‍ട്ടികളും ചെയ്യുന്ന കാര്യങ്ങളാണ്. എല്ലാ വശങ്ങളും കേന്ദ്രനേതൃത്വം മനസിലാക്കും. അത് സാധാരണ നടപടി ക്രമങ്ങളാണ്. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയും ചര്‍ച്ച ചെയ്യും. തിയതി തീരുമാനിച്ചിട്ടില്ല.
മുന്നണി വിടുമോ ?
ഇതുസംബന്ധിച്ച് ഇതുവരെയും ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഞാനറിഞ്ഞിട്ട് ഒരിക്കല്‍ പോലും ചര്‍ച്ചകളുണ്ടായിട്ടില്ല. പുതിയ സാഹചര്യം ഉണ്ടായാലാണ് പുതിയ തീരുമാനം എടുക്കുക.
അത്തരത്തിലൊരു മാറ്റത്തിനുള്ള സാഹചര്യം ഇപ്പോഴില്ല. എല്‍ഡിഎഫിന് ക്ഷീണമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ആ നിലപാടില്‍ മാറ്റമില്ല
സീറ്റ് ആവശ്യം ?
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ പാര്‍ട്ടിയും കൂടുതല്‍ സീറ്റിന് വേണ്ടി ആവശ്യപ്പെടും. അത് കൊടുക്കരുത്, ഇത് വേണമെന്നെല്ലാം ആവശ്യപ്പെടും. എല്ലാ സീറ്റിലും തര്‍ക്കമുണ്ട്.
സീറ്റ് വേണമെന്ന് എല്ലാവരും ആഗ്രഹിക്കും. സീറ്റ് വേണമെന്ന് ആഗ്രഹിക്കാത്ത പാര്‍ട്ടി ഏതാണ്. കടന്നപ്പള്ളി രാമചന്ദ്രന് കണ്ണൂര്‍ മതിയെന്നാണോ പറയുക. വേറെയും വേണമെന്നല്ലേ പറയുക. അതാണിപ്പോള്‍ നടക്കുന്നത്.
കേന്ദ്രതീരുമാനം അനുസരിക്കുമോ ?
പ്രാദേശിക ആവശ്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി മാത്രമല്ല കേന്ദ്രം തീരുമാനമെടുക്കുക. നേതൃത്വം പൊതുവെയുള്ള കാര്യങ്ങള്‍ പഠിച്ചാണ് തീരുമാനമെടുക്കുക. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അഭ്യൂഹങ്ങള്‍ വരും.
അതാണിപ്പോള്‍ നടക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരട്ടെ അപ്പോള്‍ അഭിപ്രായം പറയും. അല്ലാതെ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം ഇതാവുമെന്ന് മുന്‍കൂട്ടി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.