കോഴിക്കോട് : എന്‍സിപിയുടെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ മന്ത്രി എ.കെ.ശശീന്ദ്രന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാലിനാണ് അദ്ദേഹം കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.
ഇന്ന് ദേശീയ നേതാക്കളുമായി എ.കെ.ശശീന്ദ്രന് മുന്നണി മാറ്റം സംബന്ധിച്ചുള്ള ചര്‍ച്ച നടത്തും. ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.
തുടര്‍ന്ന് നാളെ രാവിലെ ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് തിരിക്കും. പാര്‍ട്ടി അധ്യക്ഷന്‍ ശരത്പവാറുമായി മുംബൈയിലെത്തി ചര്‍ച്ച നടത്തിയ ശേഷം വൈകിട്ടോടെ കേരളത്തിലേക്ക് തിരിക്കും.
ഇടതു മുന്നണിയില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. അതിനു മുമ്പേ തന്നെ പാലാ സീറ്റിന് വേണ്ടി തര്‍ക്കമുണ്ടാക്കുന്നത് ശരിയായ നിലപാടല്ലെന്നും ഉചിതമായ സമയത്ത് സീറ്റ് ചര്‍ച്ച നടത്താമെന്നും ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നുമാണ് ശശീന്ദ്രന്റെ നിലപാട്.
അതേസമയം കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം ശശീന്ദ്രന് നില്ക്കുമോയെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. യുഡിഎഫിലേക്ക് മാറാനുള്ള നീക്കമാണ് എന്‍സിപി നടത്തുന്നത്.
പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി മാറുമെന്ന് മാണി സി കാപ്പന് ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നേതൃത്വം ഈ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ ശശീന്ദ്രന് എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നാണ് സൂചന.
40 വര്‍ഷമായി എല്‍ഡിഎഫില്‍ തുടരുന്ന പാര്‍ട്ടി മുന്നണി വിടേണ്ടതില്ലെന്ന നിലപാടാണ് ദേശീയ നേതൃത്വം മുമ്പാകെ ശശീന്ദ്രന് ബോധ്യപ്പെടുത്തുന്നത്.